ശബരി ആശ്രമത്തിൽ

 ശങ്കരൻ പറഞ്ഞ കഥ (14)

സ്വർണ്ണ വർണ്ണമായ മാനിന്റെ രൂപത്തിൽ വന്ന മാരീചനെ കൊന്ന രാമൻ തിരികെ ആശ്രമത്തിലേക്ക് നടക്കുമ്പോൾ ലക്ഷ്മണൻ വരുന്നത് കണ്ടു.
"ലക്ഷ്മനേതുമറിഞ്ഞീലല്ലോ പരാമാർത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേ വരൂ...
ദുഖിച്ചുകൊള്ളൂ ഞാനും പ്രാകൃതനെപ്പോലെ "..
അതായത്, ഇത്രയും കാലം മുനിമാരും മറ്റും പറഞ്ഞത് കേട്ടെങ്കിലും തത്സ്വരൂപം ലക്ഷ്മണന് അറിയില്ല എന്നും അതിനാൽ അവനോട് മായാസീതയെ രാവണൻ കൊണ്ടുപോയ വിവരം പറയേണ്ട എന്നും ആണ് രാമൻ കരുതുന്നത്. പ്രാകൃതന്മാരാണ് ദുഃഖിക്കുന്നത് എന്ന് വച്ചാൽ സംസ്കൃതചിത്തന്മാരായ, ആര്യന്മാർ സംസാരത്തിൽ തങ്ങൾക്ക് ചുറ്റും നടക്കുന്ന ദുഃഖങ്ങളെയും സുഖങ്ങളേയും മായയുടെ വൈഭവമായാണ് കാണുന്നതെന്നും, അതിനാൽ സമചിത്തരായിരിക്കുമെന്നും സാരം.
എന്തിനാണ് നീ സീതയെ ആശ്രമത്തിൽ തനിച്ചാക്കി പോന്നത് എന്നതിന് :
"എന്നോട് പലതരമിന്നവയെല്ലാമിപ്പോൾ
നിന്തിരുവടി മുമ്പിൽനിന്നു ചൊല്ലുവാൻ പണിയിപ്പോൾ"
അങ്ങിനെയുള്ള നികൃഷ്ടങ്ങളായ വാക്യങ്ങളാണ് സീത തന്നോട് പറഞ്ഞത് എന്ന് പറയുന്നു. തിരികെ ആശ്രമത്തിലെത്തിയ അവർ സീതയെ കാണുന്നില്ല. അന്വേഷണം ആരംഭിച്ച അവർക്ക് ആശ്രമത്തിൽ നിന്ന് അധികം അകലെയല്ലാതെ ജടായുവിന്റെ ചിറകറ്റ ശരീരം കാണുന്നു. മരണശയ്യയിൽ കിടന്നകൊണ്ട് ജടായു സീതാപഹരണം വിസ്തരിക്കുന്നു. സീതയുടെ അനുഗ്രത്താൽ അങ്ങയോട് ഇത് പറഞ്ഞിട്ട് മാത്രമേ എനിക്ക് മരണമുള്ളൂ എന്നും പറഞ്ഞശേഷം കാലഗതി പ്രാപിക്കുന്നു.
"രക്ഷോനായകനായ രാവണൻ ദേവിതന്നെ
ദക്ഷിണ ദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും"
എന്നാണ് ജടായു അവസാനം പറഞ്ഞത്.
ചിതയൊരുക്കി അതിൽ പക്ഷീദ്രനെ ദഹിപ്പിച്ച ശേഷം
"കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം
പുല്ലിന്മേൽ വച്ചു ജലാദികളും നൽകീടിനാൻ..
പക്ഷികളിവയെല്ലാം ഭക്ഷിച്ചു സുഖിച്ചാലും
പക്ഷീന്ദ്രാനിതുകൊണ്ടു തൃപ്തനായ് ഭവിച്ചാലും.."
വീണ്ടും, എന്താണോ വനത്തിൽ ലഭ്യമായത്, എന്താണോ രാമലക്ഷ്മണന്മാർ ഭക്ഷിക്കുന്നത് അത് തന്നെ പിതൃക്കൾക്കും നൽകാം എന്നാണ് വിധി.
അങ്ങിനെ ദക്ഷിണ ദിക്കിലേക്ക് യാത്ര തുടങ്ങിയ അവർ, അല്പം കഴിഞ്ഞപ്പോൾ ഭീമാകാരങ്ങളായ രണ്ട് കൈകൾ മാത്രം നീണ്ടു വരുന്നത് കണ്ടു. തലയില്ലാതെയുള്ള കബന്ധൻ എന്ന രാക്ഷസ രൂപിയായ സന്ധർവ്വൻ ആയിരുന്നു അത്. ആ രണ്ടു കരങ്ങളും മുറിച്ചുകളഞ്ഞപ്പോൾ കബന്ധന് മോക്ഷപ്രാപ്തിയുമുണ്ടായി. അഷ്ടാവക്രൻ എന്ന വികൃത രൂപമുള്ള മഹർഷിയെ കളിയാക്കിയപ്പോൾ അദ്ദേഹമാണ് ഇത്തരം ഒരു ശാപം നൽകിയത്. പിന്നീട്, ഇന്ദ്രൻ തന്നെ വന്ന് വജ്രായുധത്താൽ തലയറുത്ത് കൊല്ലാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. അങ്ങിനെ, തലയില്ലാത്ത കബന്ധനായി ജീവിക്കുകയായിരുന്നു.
പിന്നീട് ശബരിയുടെ ആശ്രമത്തിൽ പ്രവേശിച്ചു. പൂജകൾക്ക് ശേഷം തന്റെ ആഗ്രഹലാഭത്തിനും ശബരി തന്റെ ഗുരുക്കന്മാരുടെ അടുത്തേയ്ക്ക് സ്വശരീരം ഉപേക്ഷിച്ച് പോയ് മറഞ്ഞു. അതിന് മുൻപ്, പമ്പാ നദിയും കടന്ന് ഋശ്യമൂകാചലം എന്ന മല കാണാമെന്നും അവിടെ സുഗ്രീവാദികളെ കാണാമെന്നും പറയുന്നു.
അങ്ങിനെ ആരണ്യകാണ്ഡം അവസാനിക്കുന്നു.



Comments

Popular posts from this blog

കനകമൃഗമെത്രയും ചിത്രം ചിത്രം

അഗസ്ത്യാശ്രമത്തിൽ