കനകമൃഗമെത്രയും ചിത്രം ചിത്രം
ശങ്കരൻ പറഞ്ഞ കഥ (13)
ശൂർപ്പണഖ നേരെ ലങ്കയിലെത്തി, രാവണനെ കണ്ട് കരയുവാൻ തുടങ്ങി.
"എത്രയും മൂഢൻ ഭവാൻ പ്രമത്തൻ പാനസക്തൻ ....
ചരാചക്ഷുസ്സും വിചാരവുമില്ലേതും നിത്യം..."
ഒരു നല്ല രാജാവാണെകിൽ രാജ്യത്ത് എന്തെല്ലാം നടക്കുന്നുവെന്നറിയണം. "ഖരദൂഷണത്രിശിരാക്കൾ കൂടെ അനേകം രാക്ഷസരും മരിച്ചതറിഞ്ഞില്ലേ ?"
"ഏത് രാമൻ ? അവനെന്തിനാണ് അവരെ കൊന്നത്?" എന്നാണ് രാവണന്റെ ചോദ്യം.
ശൂർപ്പണഖ പഞ്ചവടിയിലെ കാര്യങ്ങളെല്ലാം പറയുന്നു. എന്നാൽ സത്യമല്ല പറയുന്നത്. തനിക്ക് കാമപരവേശമുണ്ടായെന്നോ രാമനോടും ലക്ഷ്മണനോടും പ്രേമാഭ്യർത്ഥന നടത്തിയെന്നോ അവൾ പറയുന്നില്ല. പകരം പറയുന്നത്: അതിസുന്ദരിയായ സീതയെ ഞാൻ നിനക്ക് വേണ്ടി പിടിച്ചുകൊണ്ടുവരാണ് ശ്രമിച്ചപ്പോഴാണ് ഇങ്ങിനെ എല്ലാം സംഭവിച്ചതെന്നാണ്. രാവണൻ തന്നെ നേരിട്ട് ചെന്ന് അവളെ തട്ടികൊണ്ട് പോരണം എന്നും പറയുന്നു.
ഇത് കേട്ടപ്പോൾ തന്നെ ശാരിക പൈതൽ പറയുന്നത് :
"വ്യക്തം മനുഷ്യനല്ല രാമനെന്നതു നൂനം
ഭക്തവത്സലനായ ഭഗവാൻ പത്മേക്ഷണൻ...
എന്നെ കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്ഡ രാജ്യം പരിപാലിക്കാമല്ലോ "
രാവണന് രാമനെ മനസ്സിലായെന്നും അതിനാൽ തന്നെ
"വിദ്വേഷാബുദ്ധ്യാ രാമൻ തന്നെ പ്രാപിക്കയുള്ളൂ
ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലാഖിലേശൻ" എന്നാണ് കരുതിയതും. അങ്ങിനെ പിറ്റേന്ന് അമ്മാവനായ മാരീചനെ കാണാൻ പോയി. വിശ്വമിത്രാശ്രമത്തിൽ വച്ച് സുബാഹുവിനെ കൊല്ലുകയും അതുകണ്ട് രാമനെ അഭയം പ്രാപിച്ച തന്നെ വെറുതെ വിടുകയും ചെയ്ത മാരീചൻ ശിഷ്ടകാലം തപസ്സിൽ കാലം കഴിക്കുകയായിരുന്നു. അപ്പോഴാണ് രാവണന്റെ വരവ്. ശൂർപ്പണഖയ്ക്ക് സംഭവിച്ചതും ഖരാദി രാക്ഷസന്മാരെ കൊന്നതും മറ്റും പറഞ്ഞ രാവണനോട്, താൻ രാമന്റെ ശക്തി അറിഞ്ഞവനെന്നും, അരുതാത്തത് ചിന്തിക്കേണ്ടെന്നും പറഞ്ഞെങ്കിലും, രാവണൻ കൂട്ടാക്കിയില്ല.
"നന്നല്ല ദുഷ്ടായുദ്ധമേറ്റു നിര്യാണം വന്നാൽ
ചെന്നുടൻ നരകത്തിൽ വീണുടൻ കിടക്കേണം"
എന്ന് കരുതി രാമബാണം കൊണ്ട് ജീവന്മുക്തനാകാൻ തീരുമാനിച്ചു മാരീചൻ പുറപ്പെട്ടു.
ഇതേസമയം പഞ്ചവടിയിൽ ശ്രീരാമൻ സീതയോട് പറയുന്നത് :
"രക്ഷോനായകൻ നിന്നെക്കൊണ്ടു പോവതെന്നിപ്പോൾ ...
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ...
മായാസീതയെ പർണ്ണശാലയിൽനിർത്തീടണം ... "
ത്രികാലജ്ഞാനവും ദേവഭാവവും ഉണ്ടെങ്കിൽ എങ്ങിനെയാണ് സാധാരണ മനുഷ്യരുടെ സംസാരദുഃഖങ്ങൾ അനുഭവിക്കുന്നതായി കാണിക്കുകയും അതിനുള്ള പരിഹാരങ്ങൾ പറയുകയും ചെയ്യുന്നത്? സീത അഗ്നിയിൽ മറഞ്ഞോ ഇല്ലയോ എന്നതല്ല ചർച്ചാവിഷയം... സ്വർണ്ണനിറമുള്ള മാനിനെ കണ്ടാൽ മനസ്സ് ചഞ്ചലമാകുന്നോ എന്നതാണ്. അന്നും ഇന്നും സ്ത്രീകൾക്ക് സ്വർണ്ണത്തോടാണല്ലോ ഭ്രമം. തന്റെ നിർബന്ധ ബുദ്ധിയാൽ ഭർത്താവിനെ സ്വാധീനിക്കാനും അരുതാത്തത് ചെയ്യിക്കാനും ആ ഭ്രമം കരണമാകുന്നില്ലേ ?
സ്വർണ്ണം, മദ്യം, ചൂതാട്ടം, വേശ്യാവൃത്തി എന്നിവ കലികാലത്തിൽ (ഏതൊരു കാലത്തും) ദുരിതങ്ങളുടെ കാരണമാകും എന്നത് എത്ര പറഞ്ഞാലും മനുഷ്യർക്ക് മനസ്സിലാകുന്നുണ്ടോ ?
"ഭർത്താവേ കണ്ടീലയോ കനകമൃഗ-
മെത്രയും ചിത്രം ചിത്രം രത്നഭൂഷിതമിദം...
പിടിച്ചിങ്ങു കൊണ്ടു പോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭർത്താവേ ! ജഗൽപതേ .."
അങ്ങിനെ രാമൻ മായാമൃഗത്തിന്റെ പിന്നാലെ പാഞ്ഞു. അല്പം കഴിഞ്ഞപ്പോൾ ലക്ഷ്മണ വിളിച്ചു കരയുന്ന ശബ്ദം കേട്ടു. സീതയുടെ നിർബന്ധത്തിന് വഴങ്ങി ലക്ഷ്മണനും രാമന്റെ പിന്നാലെ പോകേണ്ടി വന്നു.
ഉടനെ രാവണൻ ഭിക്ഷുവേഷത്തിൽ അവിടെ എത്തി. ഭിക്ഷ നൽകാൻ വന്ന ജാനകിയോട്
"താപസവേഷം പൂണ്ട രാമനാലെന്തു ഫലം
താപമുൾക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട" എന്നും പറഞ്ഞുകൊണ്ട് സീതയെ തേരിലേറ്റി ആകാശ മാർഗ്ഗേ പ്രയാണമാരംഭിച്ചു. എന്നാൽ സീതയുടെ കരച്ചിൽ കേട്ട് ജടായു പറന്നു പൊങ്ങി രാവണനോടെതിരിട്ടു. പരമശിവന്റെ അനുഗ്രഹത്താൽ ലഭിച്ച 'ചന്ദ്രഹാസം' ഉപയോഗിക്കേണ്ടിവന്നു, ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് തറയിൽ വീഴ്ത്താൻ.
"അക്ഷരചിത്തത്തോടും ദക്ഷിണ ദിക്കുനോക്കി
മറ്റൊരു തേരിലേറി തെറ്റെന്നു നടകൊണ്ടാൻ" .. കൊണ്ടുവന്ന വിമാനം ജടായു തകർത്തെന്നും മറ്റൊന്നിൽ കയറിയാണ് യാത്ര തുടർന്നതെന്നും ആണ് കിളിപ്പാട്ട്. എന്നാൽ, കന്യാകുമാരി ജില്ലയിൽ മുഞ്ചിറ എന്ന സ്ഥലത്ത് വിമാനം ഇറക്കി സീതയെ അടുത്തുള്ള ഒരു ഗുഹയിലാക്കി വിമാനത്തിന്റെ കേടുപാടുകൾ മാറ്റി യാത്ര തുടർന്നു എന്നും ഒരു പാഠഭേദമുണ്ട്.
അങ്ങിനെ യാത്ര തുടർന്നപ്പോൾ ഒരു മലമുകളിലായി അഞ്ചു വാനരന്മാരെ കണ്ടെന്നും ഉടൻ തന്റെ ആഭരണങ്ങൾ അഴിച്ച് സാരിത്തലപ്പ് കീറി അതിൽ പൊതികെട്ടി അവരുടെ നേരെ ഇട്ടുകൊടുത്തു കിളിക്കൊഞ്ചൽ തുടർന്ന്.

Comments
Post a Comment