ഞാനതിൻ പാത്രമെങ്കിൽ

ശങ്കരൻ പറഞ്ഞ കഥ (1)

"കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമ ദേവതത്ത്വമുപദേശിച്ചീടണം.
.... ഞാനതിൻ പാത്രമെങ്കിൽ
കാരുണ്യാംബുധേ ! കനിഞ്ഞരുളിച്ചെയ്തീടണം"
ശ്രീ പാർവ്വതി
"മുന്നമെന്നോടിതാരും ചോദ്യം ചെയ്തീല, ഞാനും
നിന്നാണെ കേൾപ്പിച്ചതില്ല നാഥേ!"
ശ്രീ പരമേശ്വരൻ
ശാരിക പൈതലിനോട് കഥ പറയാൻ പറഞ്ഞെങ്കിലും കഥകൾ പറഞ്ഞു തുടങ്ങുന്നത് കൈലാസത്തിൽ ഇരുന്ന് ശ്രീമഹാദേവൻ ശ്രീപാർവ്വതിയോടാണ്. അതെന്താണ് അങ്ങിനെ ? മഹേശ്വരന്റെ ഇഷ്ട ദേവതയത്രെ ശ്രീരാമൻ. രണ്ടാളും ഏക പത്നീവ്രതക്കാർ എന്നതാവുമോ കാരണം ? ശ്രീരാമൻ ഭജിക്കുന്നതോ മഹാദേവനേയും. ഭക്തരായ മഹാബലവന്മാരെ എല്ലാം പരമേശ്വരന് ഇഷ്ടമാണ്. ഇഷ്ടം കൂടി വരങ്ങളും നൽകും. അങ്ങിനെ രാവണനും നേടിയല്ലോ, 'ചന്ദ്രഹാസം' അടക്കമുള്ള വരങ്ങൾ.
ശൈവ ചാപം ഓടിച്ച് സീതയെ വേട്ട ശ്രീരാമനേയും ശിവന് ഇഷ്ടമാണ്. തന്റെ വത്സല ശിഷ്യനായ പരശുരാമനെ തോൽപ്പിച്ചു എന്നറിഞ്ഞിട്ടും, ശ്രീരാമനോടുള്ള വാത്സല്യം മാറിയതുമില്ല.
ജഗന്മാതാവായ പർവ്വതിയ്ക്കും രാമകഥ അറിയായ്കയല്ല. തന്റെ പതിയിൽ നിന്നും കേൾക്കണമെന്നാണ് ആശ. ചില കഥകളിൽ രഹസ്യ സ്വഭാവമുള്ള തത്വചിന്തകൾ ഉള്ളതിനാൽ അവ കേൾക്കാൻ താൻ യോഗ്യയെന്ന് തോന്നുന്ന പക്ഷം അത് പറയണേ എന്നാണപേക്ഷ.
ശിവനോടാകട്ടെ ആരും അതിന് മുൻപ് അങ്ങിനെ ഒരു ചോദ്യം ചോദിച്ചിട്ടില്ല എന്നതിനാൽ, പറഞ്ഞു തരാൻ സന്തോഷമേയുള്ളൂ എന്ന മറുപടിയോടെ, പട്ടാഭിഷേകത്തിന് ശേഷം ഹനുമാനോട് രാമകഥ പറയാനും അതിലെ രഹസ്യങ്ങൾ വെളിവാക്കാനും ശ്രീരാമൻ സീതയോട് പറഞ്ഞതനുസരിച്ച് സീത സംക്ഷേപമായി പറഞ്ഞത് ആണ് ശിവനും ആദ്യം പറയുന്നത്.
എന്നാൽ...
"സംക്ഷേപിച്ചരുൾ ചെയ്തതേതുമേ മതിയല്ല
... വിസ്തരിച്ചരുളി ചെയ്തീടേണം മടിയാതെ"
എന്നുള്ള മറുപടിയാണ് പാർവ്വതി ഭർത്താവിനോട് പറയുന്നത്.


Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം