പരശുരാമ ദർശനം

 ശങ്കരൻ പറഞ്ഞ കഥ (4)

വിശ്വമിത്രനും രാമലക്ഷ്മണന്മാരും ഗംഗയും കടന്നാണ് മിഥിലാപുരിയിലേക്ക് പോയത് എന്ന് പറയുമ്പോൾ, ഗംഗയുടെ തീരപ്രദേശത്തുള്ള ഭാഗങ്ങളിൽ പൊതുവേ വനപ്രദേശങ്ങളുമുണ്ടായിരുന്നു എന്നു വേണം കരുതാൻ. അവിടെയെല്ലാം ആശ്രമങ്ങളും അതോടൊപ്പം തന്നെ രാക്ഷസർ വസിച്ചിരുന്ന പ്രദേശങ്ങളും ഉണ്ടായിരുന്നു എന്നും.
"യാഗവും മഹാദേവചാപവും കണ്ടുപിന്നെ
വേഗമൊടയോദ്ധ്യയും പുക്കു താതനെക്കാണാം"
സ്വന്തം ഭവനത്തിലേക്ക് വേഗം എത്താം എന്ന് ബാലകന്മാരെ പറഞ്ഞുത്സാഹിപ്പിക്കുന്നു !!
ജനക മഹാരാജാനോട് ശ്രീരാമ ലക്ഷ്മണന്മാരെ പരിചയപ്പെടുത്തുമ്പോൾ താടകയേയും അഹല്യയേയും ശാപമുക്തരാക്കിയ കഥ പറഞ്ഞെങ്കിലും സുബാഹുവിനെ വധിച്ച കഥ പറഞ്ഞില്ല, എന്നത് ശ്രദ്ധേയമാണ്. ബാലന്മാർ ദിവ്യന്മാരെന്നും എന്നാൽ ജനകനേക്കാൾ വലിയ ക്ഷത്രിയനെന്നുള്ള ഭാവം ഉണ്ടാവാതിരിക്കാനുമാകാം അത്തരത്തിലുള്ള ഒരു ഉപേക്ഷ.
ശൈവചാപം കാണുക എന്നതാണ് വന്നതിന്റെ ഉദ്ദേശം എന്നാണ് മുഖദാവിൽ പറയുന്നത്. അപ്പോൾ ജനകൻ പറയുന്നത് :
" ... ദാശരഥി
വില്ലിതുകുലച്ചുടൻ വലിച്ചു മുറിച്ചീടിൽ
വല്ലഭനിവൻ മമ നന്ദനെയ്ക്കെന്നു നൂനം"
ത്രൈയംബകം എന്ന മൃത്യുനാശന ചാപം അനേകം ഭടന്മാർ ചേർന്നുള്ള ഹുങ്കാരത്തോടെ (ഭാരം വഹിക്കുമ്പോൾ കൂട്ടമായി ഒച്ചയുണ്ടാക്കുന്നത്) ആണത്രേ കൊണ്ടുവന്നത്. അതിനെ മനസാ വന്ദിച്ചശേഷം പെട്ടെന്ന് തന്നെ കയ്യിലെടുക്കുകയും കുലയ്ക്കുകയും, അതിന്റെ ഫലമായി അതൊടിയുകയും ചെയ്തപ്പോൾ
"മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ...
... വന്നുടൻ നേത്രോത്പല മാലയുമിട്ടാൾ മുന്നേ
പിന്നാലെ വരണാർത്ഥ മാലയുമിട്ടീടിനാൾ"
നൃത്തം ചെയ്യുന്ന ആൺ മയിലിനെ കാണുന്ന പെൺമയിലിനെ പോലെ എന്നാണ് വർണ്ണന.
അനന്തരം
"പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ
സത്വരം ദശരഥഭൂപനെ വരുത്തുവാൻ" ... വിശ്വാമിത്രനും ജനകനും കത്തുകൾ നൽകി എന്നാണ് പറയുന്നത്.
രാജ'ബാലന്മാരുടെ' ചുമതല വിശ്വാമിത്രനായതിനാലും വിവാഹാദി കാര്യങ്ങൾ കാരണവന്മാർ നടത്തണമെന്നതിനാലും ആവുമല്ലോ ഇങ്ങനെ വേറെ വേറെ കത്തുകൾ എഴുതിയത്.
വസിഷ്‌ഠനും പത്നി അരുന്ധതിയും, ദശരഥനും ഭാര്യമാരും, പുത്രന്മാരും, മന്ത്രിമാരും, ചതുരംഗ സൈന്യവും (ആന, കുതിര, രഥം, കാലാൾ) ചേർന്നാണ് മിഥിലാപുരിയിലേക്ക് പോയത്. സ്വീകരണശേഷം ജനകൻ പറഞ്ഞത്:
"നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്
നാലു പുത്രന്മാർ ഭവാൻ തനിക്കുണ്ടല്ലോ താനും" ... അങ്ങിനെ അവരുടെ വിവാഹം നല്ല മുഹൂർത്തം നോക്കി കഴിപ്പിച്ചു.
അതിന് ശേഷം ജനകൻ സീതയുടെ അത്ഭുത ജനനവും നാരദരുടെ സംവാദങ്ങളും പ്രദിപാദിക്കുന്നുണ്ട് :
"യാഗഭൂദേശം വിശുദ്ധ്യാർത്ഥമായുഴുതപ്പോൾ
ഏകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം"
നാരദൻ
"രാമനായ് മായാമർത്ത്യവേഷമ്പൂണ്ടറിഞ്ഞാലും...
യോഗമായാദേവിയും മാനുഷ വേഷത്തോടെ
ജാതയായിതു തവ വേശ്മനി താൽകാരണത്താൽ
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ"
ഇങ്ങനെയെല്ലാം ഭവിഷ്യവാണികളുണ്ടായിട്ടും ഓരോ കഥാപാത്രങ്ങളും സംസാരസാഗരത്തിൽ കിടന്ന് ഉഴറുന്നത് രാമായണത്തിൽ കാണാം.
"സ്ത്രീധനമായി" അഥവാ സമ്മാനമായി ജനകൻ നൽകുന്നത് 600 ആനകൾ മുതൽ 300 ദാസികൾ വരെയുള്ള വിവിധങ്ങളായ 'ധന'ത്തെയാണ്...
അങ്ങിനെ എല്ലാവരും സന്തോഷത്തോടെ അയോദ്ധ്യയിലേക്ക് തിരികെ പോകുമ്പോൾ ആണ് പരശുരാമ ദർശനം. ജമദഗ്നിയുടെയും രേണുകയുടേയുടെയും പുത്രനായി ബ്രാഹ്മണ കുലത്തിൽ ജനിച്ച ഭാർഗവ രാമൻ ഹേഹയ (കാർത്യവീരാർജ്ജുന) നേയും 21 തലമുറയിലുള്ള ക്ഷത്രിയ രാജാക്കന്മാരേയും ഇല്ലായ്മ ചെയ്തയാളാണ്. മഹാദേവന്റെ ശിഷ്യനാണ്. ശൈവചാപം ഒടിച്ച രാമനെ കൊല്ലാൻ ആണ് വഴിയിൽ വന്നു തടഞ്ഞത്. എന്നിട്ട് തന്റെ കൈയിലുള്ള വൈഷ്ണവ ചാപം കുലയ്ക്കാൻ വെല്ലുവിളിക്കുകയും അല്ലാത്ത പക്ഷം നിന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോൾ വിനയാന്വിത ഭാവത്തിൽ രാമൻ പറഞ്ഞത് :
"ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢ ആത്മാക്കൾ
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമാവർക്കെന്തൊന്നുള്ളതു തപോനിധേ !
സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?"
താനൊരു ബാലനല്ലേ എന്ന ചോദ്യവും, ഓരോരുത്തരും കുലധർമ്മം പാലിക്കാൻ തടസ്സം നിൽക്കുന്നത് ശരിയല്ലല്ലോ എന്ന നിർദ്ദേശവും അതിലുണ്ട്. ശ്രീരാമൻ ക്ഷത്രിയനെന്നും പരശുരാമൻ ബ്രാഹ്മണനെന്നും ഉള്ള ധ്വനിയാണ് അതിലുള്ളത്. അങ്ങിനെ വെല്ലുവിളി ഏറ്റെടുക്കുകയും
"വില്ലിങ്ങുതന്നാലും ഞാനികിലോ കുലച്ചീടാം
അല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട"
"നന്ദിച്ചു ദശരഥനന്ദനൻ വില്ലും വാങ്ങി ....
കുലച്ചു ബാണമേകമെടുത്തു തോടുത്താശു....
ചോദിച്ചു ഭൃഗുപതി തന്നോടു രഘുപതി....
ഭാർഗ്ഗവ രാമ ! ലക്ഷ്യം കാട്ടിതന്നീടവേണം .."
ശ്രീരാമവചനം കേട്ടന്നേരം ഭാർഗ്ഗവനും ...
"എങ്കിലുള്ളൊരു മഹാവൈഷ്ണവ തേജസ്സെല്ലാം
നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം.."
"സ്വർഗ്ഗതിക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യം
ഒക്കെ നിൻ ബാണത്തിനു ലക്ഷ്യമായ് ഭവിക്കേണം"
ഇങ്ങിനെ ചെയ്തശേഷം പരശുരാമൻ ചിരഞ്ജീവി ആകയാൽ മഹേന്ദ്രാചലം എന്ന വനത്തിലേക്ക് പുറപ്പെട്ടു.
No photo description available.
All reactions:
Sreeja Santhosh, Hari Chemmangattu and 12 others

Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം