വാല്മീകി രചിച്ച 'രാമായണം'

 ശങ്കരൻ പറഞ്ഞ കഥ (2)

വിസ്തരിച്ചുള്ള രാമകഥ തന്റെ ഭർത്താവിൽ നിന്ന് കേൾക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ പാർവ്വതിയോടായി ശങ്കരൻ രാമായണ കഥ വിസ്തരിച്ചു പറയാൻ തുടങ്ങി.
ആമുഖമായി എഴുത്തച്ഛൻ തന്നെ പറയുന്നുണ്ട്, അനേകം 'രാമായണം' ലോകത്തിലുണ്ട്. എന്നാൽ, നാരദരുടെ ഉപദേശപ്രകാരം, വാല്മീകി രചിച്ച 'രാമായണം' ആണ് മലയാളത്തിൽ ഞാൻ (സ്വതന്ത്ര) വിവർത്തനം ചെയ്യുന്നത്. വേദാധികാരിയല്ലെങ്കിലും (ബ്രാഹ്മണ കുലജാതനല്ലെങ്കിലും) അവരുടെ കൃപയും ഈ ഗ്രന്ഥത്തിനുണ്ടാകണമെന്നും പറഞ്ഞു വയ്ക്കുന്നുണ്ട്. ബ്രഹ്മദേവൻ "100 കോടി" ഗ്രന്ഥവിസ്താരം ചെയ്ത രാമായണം വാല്മീകി 24000 ആയി ചുരുക്കി എഴുതിയതാണ്. അത് ശ്രീരാമൻ തന്നെയാണ് മഹാദേവനെ ചൊല്ലി കേൾപ്പിച്ചത്. അതാണ് ഭാര്യയോടായി ഇപ്പോൾ പറയാൻ പോകുന്നത്.
ഋഷ്യശൃംഗന്റെ പുത്രകാമേഷ്ടി യാഗാനന്തരം അഗ്നിദേവൻ പ്രസാദിച്ചു നൽകിയ "പായസം" ദശരഥൻ കൗസല്യയ്ക്കും കൈകേയിയ്ക്കും പകുത്തു നൽകി. എന്തുകൊണ്ട് സുമിത്രയ്ക്ക് നൽകിയില്ല എന്ന ചോദ്യം നമ്മുടെ മനസ്സിൽ ഉണ്ടാവുമ്പോൾ തന്നെ അവർ രണ്ടാളും തങ്ങൾക്ക് കിട്ടിയ പായസം പകുതി വീതം സുമിത്രയ്ക് നൽകി എന്നും അതിനാൽ സുമിത്രയ്ക്ക് ഇരട്ട കുട്ടികൾ ഉണ്ടായി എന്നും വളരെ സംക്ഷിപ്തമായി പറഞ്ഞു വയ്ക്കുന്നു. കൗസല്യയ്ക് ശ്രീരാമ അവതാര സമയത്ത് വിശ്വരൂപ ദർശനമുണ്ടായെന്നും അവതാര ഉദ്ദേശം വിസ്തരിച്ചു പറഞ്ഞു കൊടുത്തുവെന്നും പറഞ്ഞ ശേഷം, പുത്രന്മാർ വളർന്ന് വിദ്യാഭ്യാസ കാലമാകുന്നത് വരെയുള്ള കഥകളും വിസ്തരിക്കുന്നില്ല.
കശ്യപ പ്രജാപതിയുടെയും അദിതിയുടേയും പുനർജന്മങ്ങളായ ദശരഥനിലും കൗസല്യയിലും പുത്രനായി അവതാരമുണ്ടാകുമെന്നുള്ള മഹാവിഷ്ണുവിന്റെ അനുഗ്രഹവചസ്സ് ശ്രവിച്ച ബ്രഹ്മദേവൻ : ദേവന്മാരോട് രാമ രാവണ യുദ്ധത്തിൽ സഹായിക്കാനായി വാനരന്മാരായി ഭൂമിയിൽ പിറക്കുവാൻ ആജ്ഞാപിക്കുന്നു.
"തൽക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ"
ഹരിരൂപം എന്നാൽ കുരങ്ങന്റെ രൂപം എന്നാണ്. മഹാവിഷ്ണുവിന് നാരദരുടെ ശാപം മൂലമാണ് ഇങ്ങനെ വാനരരുടെ സഹായത്തോടെ യുദ്ധത്തിനായി പോകേണ്ടി വന്നത്.
എന്തുകൊണ്ടാണ് രാമനും ലക്ഷ്മണനും ഒരുമിച്ച് ആവാനും ഭരതനും ശത്രുഘ്‌നനും ഒന്നിച്ച് ആവാനും കാരണം? അത് പായസം പകുത്തതിന്റെ കരണമാണത്രെ!
കൗമാര കാലമായപ്പോൾ :
"വിധിനന്ദനനായ വസിഷ്ഠമഹാമുനി
വിധിപൂർവ്വകം ഉപനിച്ചിതു ബാലനന്മാരെ"
ഉപനയനം (പൂണൂൽ ഇടുന്ന ചടങ്ങ്) ബ്രഹ്മചര്യ കാലത്തിന്റെ സൂചനയാണ്. അക്കാലമത്രയും വിദ്യാർത്ഥികൾ ആയി ഇരിക്കണം എന്നാണ് ഷോഡശ്ശക്രിയകളിൽ പറയുന്നത്. ക്ഷത്രിയർക്കും ഇതുണ്ട് എന്ന് സാരം.
"കാനനദേശേ നടന്നീടിനാൻ നായാട്ടിനായ്
കാണായ ദുഷ്ടമൃഗ സഞ്ചയം കൊല ചെയ്താൻ"
ക്ഷത്രിയ ധർമ്മമനുസരിച്ച് കാട്ടിൽ വർദ്ധിച്ചു വരുന്ന ക്രൂരമൃഗങ്ങളെ നായാട്ടുകൾ വഴി കുറയ്ക്കേണ്ടത് രാജധർമ്മമാണ്. അത്, യുദ്ധത്തിനുള്ള പരിശീലനവുമാണ്. അതുപോലെ തന്നെ, നാട്ടിലും നിയമം തെറ്റിക്കുന്നവരെ ശിക്ഷിക്കാനുള്ള മനക്കട്ടി ഉണ്ടാവാൻ നായാട്ട് ഒരുപാധിയാണ്.
മനുഷ്യാവതാരം കൈകൊണ്ടാൽ, അതാത് കുലത്തിന്റെ ജീവിത ചര്യകൾക്കനുസരിച്ച് ജീവിച്ചു മരിക്കുക എന്നത് അവതാരങ്ങൾക്ക് പോലും ബാധകമായ പ്രകൃതി നിയമമാണ്.



Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം