വനത്തിലേക്ക് പുറപ്പാട്
ശങ്കരൻ പറഞ്ഞ കഥ (7)
ക്രുദ്ധനായ ലക്ഷ്മണനെ "ഗാഢമായാലിംഗനം ചെയ്തു" കൊണ്ടാണ് രാമൻ പറഞ്ഞു തുടങ്ങുന്നത് വളരെ ലളിതമായിട്ടാണ് :
"ദൃശ്യമായുള്ളോരു രാജ്യദേഹാദിയും ...
സത്യമാകെന്നാകിലേ തത്പ്രയാസം തവ...
തത്ര കാമക്രോധലോഭമോഹാദികൾ..
ശത്രുക്കളാകുന്നതെന്നറിയുക നീ .." എന്നെല്ലാം പറഞ്ഞു സമാധാനിപ്പിച്ചു.
പിന്നെ കൗസല്യയോട്
"അച്ഛനെന്തുള്ളിലിന്നിച്ഛയെന്നാലതി
ങ്ങിച്ഛയെന്നങ്ങറച്ചീടേണമമ്മയും" എന്ന് പറയുന്നു. ശ്രീരാമ ജനന സമയത്തുണ്ടായ വിഷ്ണുദർശനവും മറ്റും വിസ്മൃതിയിലായി എന്നാണ് ഇത് കാണിക്കുന്നത്.
ഒടുവിൽ കൗസല്യ
"ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനി ...
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ " എന്ന് പറഞ്ഞു യാത്രയാക്കുന്നു.
എങ്കിൽ എന്നേയും കൂടെ കൊണ്ടു പോകണമെന്നു ലക്ഷ്മണൻ അഭ്യർത്ഥിച്ചപ്പോൾ, പോന്നോളൂ എന്ന് രാമൻ പറയുകയും ചെയ്തു.
"വൈദേഹി തന്നോട് യാത്ര ചൊല്ലീടുവാൻ
മോദേന സീതാഗൃഹം പുക്കരുളിനാൻ"..
രാജാഭിഷേകം നടത്തേണ്ട യുവരാജാവ്, അംഗരക്ഷകരോ അലങ്കാരങ്ങളോ ഇല്ലതെ വന്നത് കണ്ടപ്പോൾ തന്നെ സീതയ്ക്ക് എന്തോ പന്തികേട് തോന്നിയിരുന്നു.
ആ ചോദ്യത്തിന് നേരെയുള്ള ഉത്തരമാണ് രാമൻ നൽകുന്നത്
"തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാൻ താതനറികെടോ"
അതിനാൽ ഞാൻ പതിനാലു വർഷത്തേയ്ക്ക് വനത്തിലേക്ക് പോവുകയാണെന്നും ഭവതി കൗസല്യാ മാതാവിനേയും ശുശ്രൂഷിച്ചു കൊട്ടാരത്തിൽ വാഴുക എന്നും പറയുന്നു.
അതുകേട്ട് സീത വനത്തിലേക്ക് പോകാതിരുന്നെങ്കിൽ എന്താണ് സംഭവിക്കുക ? ഒരിക്കലും രാവണനെ കൊല്ലാനുള്ള ഒരു കരണമുണ്ടാവുകയില്ല എന്നാകും ഫലം. അതിനാൽ, ജാനകി ചോദിച്ചതിങ്ങിനെയാണ് :
"മന്നവൻ താതനല്ലയോ കൗതുകത്തോടു
മിന്നലേ രാജ്യാഭിഷേകമാരംഭിച്ചു" !?
അതിനുള്ള മറുപടിയായി രാമൻ നടന്ന സംഭവങ്ങൾ എല്ലാം പറയുന്നു. എന്നാൽ അത് കേട്ട് സീത പറയുന്നത് :
"മുന്നിൽ നടപ്പൻ വനത്തിനു ഞാൻ മമ
പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ"
ഇവിടെ സീതയ്ക്ക് ഉത്സാഹമാണ് രാമനോടൊപ്പം വനത്തിലേക്ക് പുറപ്പെടാൻ. രാമന് കാട്ടിൽ യാത്ര ചെയ്തും അസുരന്മാരോടെതിരേറ്റും മുന്നേ പരിചയമുണ്ടല്ലോ. എന്നാൽ, സീതയ്ക് അങ്ങിനെയില്ലാത്തതിനാൽ വീണ്ടും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
"മൂലഫലങ്ങൾ കട്വാമ്ലകഷായങ്ങൾ
ബാലെ ഭുജിപ്പതിന്നതാകുന്നതും തത്ര...
ശീതവാതതാപ പീഡയും പാരമാം
പാദാചാരേണ വേണം നടന്നീടുവാൻ."
വല്ല കിഴങ്ങുകളോ, കായ്കനികളോ ഒക്കെ കഴിച്ചുവേണം വനത്തിൽ വസിക്കുവാൻ. അവയ്ക്കാണെങ്കിൽ സ്വാദും ഉണ്ടാവില്ല. കാലാവസ്ഥ ആണെങ്കിലോ കഠിനമായ തണുപ്പും ചൂടും ഉണ്ടാവാം. കാട്ടുമൃഗങ്ങളും രാക്ഷസരും അപകടം വരുത്താം. എന്നാൽ അതിനെ തടുക്കുന്നത്
"വല്ലതും മൂല ജലജലാഹാരങ്ങൾ
വല്ലഭോച്ഛിഷ്ടമെനിക്കമൃതോപമം" എന്ന് പറഞ്ഞുകൊണ്ടാണ്. എന്നിട്ട് ഭവിഷ്യവാണിയെ കുറിച്ചും പറയുന്നു.
"കശ്ചിൽ ദ്വിജൻ ജ്യോതിശാസ്ത്ര വിശാരദൻ
നിശ്ചയിച്ചെന്നോട് പണ്ടരുളിചെയ്തു
ഭർത്താവിനോടും വനത്തിൽ വാസിപ്പതു-
നൊത്തും ഭവതിക്കു സങ്കടമില്ലേതും"
എന്നാൽ വളരെ രസകരമായ മറ്റൊരു പ്രതിപാദ്യം ഇവിടെയുണ്ടാകുന്നുണ്ട്. ഭാരതത്തിൽ യുഗങ്ങളെക്കുറിച്ചും മഹാപ്രളയത്തെ കുറിച്ചും പ്രദിപാദിപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ. പുനർജന്മങ്ങളിലും നമ്മൾ വിശ്വസിക്കുന്നു. അതിനാൽ മുന്നേ തന്നെ പല "രാമായണങ്ങളും" നടന്നിട്ടുണ്ട്. അതിനാൽ:
"രാമായണങ്ങൾ പലതും കവിവര-
രാമോദമോടു പറഞ്ഞു കെൽപ്പുണ്ട് ഞാൻ
ജാനകിയോടു കൂടാതെ രഘുവരൻ
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ" ?
എന്ന ചോദ്യത്തിൽ ഇത്തരം പല രഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. ത്രിമൂർത്തികൾ ലളിതാ ദേവിയെ ദർശിക്കുന്നതിനായി മണിദ്വീപിലേക്ക് പോകും വഴി, ധാരാളം ലോകങ്ങളും അവിടങ്ങളെല്ലാം ബ്രഹ്മാ-വിഷ്ണു-മഹേശ്വരൻമാരേയും കണ്ടതായി ദേവീ ഭാഗവതത്തിൽ വർണ്ണയുള്ളത് ഓർക്കുക.
ലക്ഷ്മണനോട് തന്റെ മാതാവായ സുമിത്രയുടെ ഉപദേശവും ലോക പ്രശസ്തമാണ്:
"രാമനെ നിത്യം ദശരഥനിന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെ ന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ.."
കൂടി നിന്ന പൗര ജനത്തോട് (സപ്തർഷികളിൽ ഒരാളായ ഗൗതമിന്റെ പുത്രൻ) വാമദേവൻ രാമസീതാ രഹസ്യം വെളിവാക്കുകയും അവരെ പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മുക്തരാക്കുകയും ചെയ്തു.
അങ്ങിനെ, സീതയോടും ലക്ഷ്മണനോടും കൂടി രാമൻ വനത്തിലേക്ക് പുറപ്പെട്ടു.

Comments
Post a Comment