വനവാസാരംഭം

 ശങ്കരൻ പറഞ്ഞ കഥ (8)

രാമനും സീതയും ലക്ഷ്മണനും കൂടി വീണ്ടും ദശരഥനെ കണ്ട് യാത്ര പറയാൻ ചെല്ലുന്നു. കൈകേയി തന്നെ മൂന്നാൾക്കും മരവുരി നൽകുന്നു. രാമനും ലക്ഷ്മണനും ഉടൻ പട്ടു വസ്ത്രങ്ങൾ മാറിയെങ്കിലും സീതയ്ക് അല്പം ശങ്കയുണ്ടായി. അപ്പോൾ, വസിഷ്ഠന്റെ ആജ്ഞ പ്രകാരം സീത സർവ്വാഭരണ ഭൂഷിതയായി തന്നെ പുറപ്പെടുന്നു. സുമന്ത്രർ തെളിയ്ക്കുന്ന തേരിൽ സീത ആദ്യം കയറി. പിന്നെ രാമനും അതിന്റെ പിന്നാലെ ആയുധങ്ങളോട് കൂടി ലക്ഷ്മണനും ...
"രാജീവലോചനൻ ദൂരെ മറഞ്ഞപ്പോൾ
രാജാവു മോഹിച്ചുവീണിതേ ഭൂതലേ ...
എന്നെയെടുത്തിനി കൊണ്ടുപോയ് ശ്രീരാമൻ
തന്നുടെ മാതൃ ഗേഹത്തിങ്കലാക്കുവിൻ"
ഇത് തന്നെയാണ് പഴയ മുനിശാപത്തിന്റെ ഫലം എന്നത് ഓർക്കാതെ പുത്രദുഃഖത്താൽ ദശരഥൻ നീറാൻ തുടങ്ങി.
പൗര ജനങ്ങളാകട്ടെ ശ്രീരാമനെ പിന്തുടരുന്നത് രാത്രിയായിട്ടും അവസാനിപ്പിച്ചില്ല. എന്നാൽ, രാമൻ, അതി രാവിലെ, ആരെങ്കിലും ഉണരുന്നതിന് മുൻപ് തന്നെ, അവിടം വിട്ടുപോയി.
രാത്രിയിൽ ഗംഗാ തടത്തിലെത്തുകയും കുളി കഴിഞ്ഞ ശേഷം ശിംശിപാ വൃക്ഷത്തിന്റെ കീഴൽ ഇരിക്കുകയും ചെയ്തു.
നൈഷാദ രാജാവായ ഗുഹൻ ഫലമൂലാദികളും നല്ല തേനും കൊണ്ടുവന്ന് കാഴ്ച വച്ച ശേഷം തന്റെ കൂടെ വസിക്കാമെന്ന് പറഞ്ഞെങ്കിലും അത് രാമൻ നിഷേധിക്കുന്നു. പിന്നീട്
"കൊണ്ടുവരിക വടക്ഷീരമാശു നീ"
ആ പശ കൊണ്ട് രാമനും ലക്ഷ്മണനും തലമുടിയിൽ പുരട്ടി ജടയാക്കി മകുടം പോലെ ഉയർത്തി കെട്ടി വച്ചു.
തലേന്ന് രാമൻ ഉപദേശിച്ച കാര്യങ്ങൾ ലക്ഷ്മണന് നന്നായി മനസ്സിലായി എന്ന് ഗുഹാനോടുള്ള സംസാരത്തിൽ തെളിഞ്ഞു കേൾക്കാം.
"ശ്രീരാമദേവന് ദുഖമുണ്ടാകുവാൻ
കരണഭൂതയായ് വന്നിതു കൈകേയി
മന്ഥരചിത്തമാസ്ഥയാ കൈകേയി താൻ..."
എന്ന ഗുഹന്റെ പരാമർശത്തെ ലക്ഷ്മണൻ യുക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്
"ലോകം നിജ കർമ്മസൂത്രബന്ധം സഖേ !
ഭോഗങ്ങളും നിജ കർമ്മാനുസാരികൾ"
പിറ്റേന്ന് രാവിലെ, ഗംഗയെ തരണം ചെയ്യാൻ തോണിയെ കൊണ്ടുവന്നു, ഗുഹൻ സഹായിക്കുന്നു.
"വൈദേഹി തന്നോടു കൂടവേ രാഘവൻ
സോദരനോടുമൊരു മൃഗത്തെ കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു."
ഒരു മാനിനെ കൊന്ന് ഭക്ഷിച്ചു എന്നർത്ഥം. അതായത് ക്ഷത്രിയ കുലധർമ്മം അനുസരിച്ച് മാംസ ഭക്ഷണം വർജ്ജ്യമല്ല. മരവുരിയും ജടയുമുള്ള എല്ലാവരും ഫലമൂലാദികൾ മാത്രം ഭക്ഷിച്ചു ജീവിക്കണമെന്നില്ല, എന്നും പൊരുൾ.
ഭരദ്വാജ മഹർഷിയുടെ ആശ്രമത്തിൽ ഒരു രാത്രി തങ്ങിയ ശേഷം കാളീന്ദി നദിയുടെ തീരത്തുള്ള ചിത്രകൂടത്തിലെത്തി വാല്മീകി ആശ്രമത്തിൽ പ്രവേശിച്ചു.
"ഉത്തമ വൃക്ഷലതാപരിശോഭിതം
നിത്യകുസുമഫലദല സംയുതം"
സ്വച്ഛമായ ആശ്രമജീവിതത്തിനാവശ്യമായ പഴ വർഗ്ഗങ്ങളും പൂജയ്ക്കും മറ്റും ആവശ്യമായ പൂക്കളും കൊണ്ട് നിറഞ്ഞ പ്രദേശമാണ് ആ ആശ്രമം.
സ്വീകരണത്തിന് ശേഷം വാല്മീകി
"പക്വമധുര മധു ഫലമൂലങ്ങ
ളൊക്കെ നിവേദിച്ചു ...."
പാകമായ പഴങ്ങളും തേനും, കിഴങ്ങുകളും നൽകി ആദരിക്കാൻ സാധിച്ചത് ആശ്രമത്തിന്റെ പരിസരത്തിൽ അവയെല്ലാം സുലഭമായി ലഭ്യമായതിനാലും ആണ്.
വാല്മീകിയുടെ ആത്മകഥ പറഞ്ഞുകേൾക്കുന്നിടയിലാണ്
"താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനാനുഭവച്ചീടുകെന്നേ വരൂ"
എന്ന പ്രശസ്തമായ വരികൾ വരുന്നത്
സപ്തർഷികൾ രത്നാകരന് നൽകുന്ന മന്ത്രോപദേശം വളരെ രസകരമാണ്
"ഇത്ഥമുക്ത്വാ രാമനാമ വർണ്ണദ്വയും
വ്യത്യസ്ത വർണ്ണ രൂപേണ ചൊല്ലിത്തന്നാർ"
ഞങ്ങൾ ഇനിയും ഇതുവഴി വരുന്നത് വരെ ഏകാഗ്ര ചിത്തനായി
"നിത്യം മരാമരാ ഇത്യേവം ജപിക്ക നീ"
ത്രികാലദർശികളായ ആചാര്യമാർ പറയുന്നത് വിചിത്രമെന്ന് തോന്നിയാലും, പിൽക്കാലത്ത് അവ ശ്രേയസ്കരമായി വരും. "സൗഭാഗ്യ ശുണ്ഠി" എന്ന് ജപിക്കാൻ ഉപദേശിച്ച കേരളത്തിലെ ഐതിഹ്യ കഥയും ഇതോടൊപ്പം ഓർക്കാം.
അങ്ങിനെ വാല്മീകി ആശ്രമത്തിന് സമീപത്തായി അവർ രണ്ടു കുടിലുകൾ കെട്ടി താമസിക്കാൻ തുടങ്ങി.
No photo description available.
All reactions:
Madhu Kadiyakkol, Latha Santhosh and 8 others

Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം