സീതാന്വേഷണത്തിന് പുറപ്പാട്

 ശങ്കരൻ പറഞ്ഞ കഥ (17)

അങ്ങിനെ സുഗ്രീവന്റെ രാജാഭിഷേകം ഭംഗിയായി നടന്നു. ചാതുർമാസ വ്രതകാലമാണെന്നും അതിന് ശേഷം സീതാന്വേഷണം നടത്താമെന്നും അതുവരെ രാജ്യത്തെ കാര്യങ്ങൾ വേണ്ടപോലെ പരിപാലിക്കുകയെന്നും രാമൻ നിർദ്ദേശിച്ചു. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള (വർഷ) കാലം, സ്വതേ ആരോഗ്യകാര്യങ്ങളെ ശ്രദ്ധിച്ചു കഴിയണം എന്നാണ് പഴയ നിയമം. പ്രത്യേകിച്ച് വനങ്ങളിൽ ഉള്ള താപസികൾക്ക്. ആഷാഢത്തിലെ വെളുത്ത പക്ഷം ഏകാദശി മുതൽ കാർത്തിക മാസത്തിലെ ഏകാദശി വരെ ആണ് ഇങ്ങിനെ വ്രതങ്ങളായി കഴിയുന്നത്.
അപ്പോഴാണ് ലക്ഷ്മണൻ (വഴി നമ്മോട്) ക്രിയമാർഗ്ഗം ഉപദേശിക്കണം എന്ന് ആവശ്യപ്പെടുന്നത്. ഈശ്വരനെ പൂജിക്കാൻ ധാരാളം മാർഗ്ഗങ്ങൾ ഉണ്ട്. ഏതൊരു കുലത്തിൽ ജാതനാകുന്നുവോ (എല്ലാ ജാതിക്കാർക്കും ഉണ്ടെന്നു സാരം) അതിനനുസരിച്ചുള്ള ഉപനയന കർമ്മം കഴിഞ്ഞ ശേഷം ഗുരുമുഖത്തു നിന്നും ലഭിക്കുന്ന ഉപദേശമനുസരിച്ച് ധ്യാനാദികൾ ചെയ്യുക. ഓരോ ആളുടെയും സ്വഭാവ വിശേഷങ്ങൾ മനസ്സിലാക്കിയാണ് പണ്ട് ഗുരുക്കന്മാർ മന്ത്രോപദേശം നൽകുക. ഭക്ഷണപ്രിയന് ഗണപതിയെങ്കിൽ ആരോഗ്യസംരക്ഷണം താല്പര്യമുള്ളവന് ഹനുമാൻ എന്നിങ്ങനെ...
ധ്യാനത്തിലൂടെ ആരാധിക്കാം, അല്ലെങ്കിൽ ഹോമങ്ങൾ ചെയ്ത് അഗ്നിവഴിയും ആവാം.
ചിലർ വിഗ്രഹങ്ങളിൽ, മറ്റുചിലർ സൂര്യനെ നോക്കി, വേറൊരു കൂട്ടർ ജലത്തിൽ ...
കളത്തിൽ ചിലർ, സാളഗ്രാമത്തിലും ചിലർ ആരാധിക്കുന്നു.
കുളി കഴിഞ്ഞു സന്ധ്യാവന്ദനാദികൾ ചെയ്ത ശേഷം.... ധ്യാനശ്ലോകം ചൊല്ലി മനസ്സിൽ രൂപം സങ്കല്പിച്ച ശേഷം വേണം പൂജകൾ ചെയ്യാൻ. വിഗ്രഹമാണെങ്കിൽ അതിനും ഇത്തരം കുളിപ്പിക്കലും അലങ്കരിക്കലും വേണം.
"ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദികൾ" എല്ലാം ഉപയോഗിക്കാം. മനുഷ്യ ശരീരത്തിന് ആരോഗ്യവും മനസ്സിന് നല്ല ചിന്തകളും ഉണ്ടാവാനാണ് പൂജകൾ. നല്ല സുഗന്ധം ആസ്വദിക്കുക, പൂക്കൾ കാണുക, ചന്ദനം ലേപനം ചെയ്യുക, ഭക്ഷണം (പ്രസാദമായി) കഴിക്കുക, പാട്ടുകൾ കേൾക്കുക ഇതെല്ലം ഈശ്വര പൂജയുടെ ഭാഗമാണ്.
ഇതിന് ശേഷം പൂജാവിധികൾ വിസ്തരിക്കുന്നു. ഇതിൽ നിന്ന് എഴുത്തച്ഛനും പൂജാദികളെ പറ്റി നല്ല ധാരണയുണ്ടെന്ന് മനസ്സിലാക്കാം. ശേഷം പ്രസാദം സ്വീകരിക്കുമ്പോൾ (തൊടുകയോ / കഴിക്കുകയോ) "സംസാര ദുഃഖത്തിൽ നിന്ന് രക്ഷിക്കണേ" എന്ന പ്രാർത്ഥന ഉണ്ടാവണം.
എന്നാൽ, ഇത് പറഞ്ഞു കഴിഞ്ഞ ഉടൻ തന്നെ, "സീതേ" എന്ന പരിദേവനവും തുടങ്ങി.
മാനുഷ രൂപം പൂണ്ട ഭഗവാൻ
"ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാർത്ഥ സിദ്ധയേ .... "
ആയിട്ടാണ് പെരുമാറുന്നത്. അങ്ങിനെ വേണം താനും.
അങ്ങിനെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ, ഹനുമാൻ സുഗ്രീവനെ രാമനോടുള്ള പ്രതിജ്ഞ ഓർമ്മിപ്പിക്കുകയും, നാനാ ദിക്കുകളിലേക്കും വാനരരെ സീതാന്വേഷണത്തിന് നിയോഗിക്കാൻ ആയിട്ടും സൈന്യമുണ്ടാക്കാനും അയക്കുകയും ചെയ്തു.
അതെ സമയം, സുഗ്രീവൻ തനിക്ക് നൽകിയ സത്യം പാലിക്കാതിരിക്കുമോ എന്ന ചിന്തയാൽ ലക്ഷ്മണനെ കിഷ്കിന്ധാനഗരിയിലേക്ക് അയക്കുന്നു.
"മൈക്കണ്ണിമാരോടുകൂടി ദിവാനിശം
മദ്യപാനാസക്ത ചിത്തനാം കാമുകൻ"
ആയിട്ടാണ് സുഗ്രീവൻ അവിടെ കഴിയുന്നത് എങ്കിൽ അവനെ അവന്റെ ചേട്ടൻ ബാലിയുടെ പിന്നാലെ അയക്കും എന്ന് ഭീഷണിപ്പെടുത്തി വരൂ... എന്ന് പറഞ്ഞുവിടുന്നു.
അങ്ങിനെ കോപത്തോടെ ചെന്ന ലക്ഷ്മണനെ അംഗതനാണ് സ്വാഗതം ചെയ്യുന്നത്. വന്ന വിവരം വേഗം സുഗ്രീവനോട് പോയി പറയെന്ന് ആയി ലക്ഷ്മണൻ.
ഉടൻ തന്നെ ഹനുമാനെ കൂടെ അയച്ചു. കൂടാതെ, വരുന്ന വഴിക്ക് താര കൂടി നിന്ന് ലക്ഷ്മണന്റെ കോപം ശമിപ്പിക്കണം എന്ന് പറയുന്നു.
കപികുലത്തിലുള്ളതിനാൽ "ചാപല്യമേറുമിജ്‌ജാതികൾക്കോർക്കണം" എന്നും താര ലക്ഷ്മണനോട് പറയുന്നു. കൂടാതെ, നാനാദിക്കുകളിൽനിന്നും കപികൾ എത്തിയെന്നും, അവർ ശുദ്ധസന്നദ്ധരായും, സീതാന്വേഷണത്തിനും തയ്യാറാണെന്നും പറയുന്നു.
അങ്ങിനെ സുഗ്രീവനോടൊത്ത് എല്ലാവരും ശ്രീരാമ സന്നിധിയിൽ എത്തുന്നു. ബ്രഹ്മപുത്രനായ ജാംബവാൻ മുതൽ ഹനുമാൻ, നീളൻ, ഗവയൻ, ഗവാക്ഷൻ .... എന്നിങ്ങനെ പ്രധാനികളെ എല്ലാം പരിചയപ്പെടുത്തുന്നു. എങ്കിൽ അവരെ യഥാവിധി സീതാന്വേഷണത്തിന് നിയോഗിക്കൂ ന്ന രാമവാക്യം കേട്ട് സുഗ്രീവൻ അങ്ങിനെ ചെയ്യുന്നു. അതിൽ ദക്ഷിണ ദിക്കിലേക്ക് അംഗതന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിലാണ് ഹനുമാനും ഉള്ളത്. അവരാവും സീതയെ കാണുക എന്ന യുക്തിയിൽ, രാമൻ, ഹനുമാന് തന്റെ മോതിരം അടയാളമായി നൽകുകയും, അടയാളവാക്യം പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു.
അങ്ങിനെ പോയ അംഗതനും സംഘവും ദാഹം കൊണ്ടും വിശപ്പ് കൊണ്ടും കഷ്ടപ്പെട്ട് നോക്കിയപ്പോൾ ദിവ്യമായ പ്രഭയോടെ ഒരു ഗുഹ കാണുകയും അതിനുള്ളിൽ പ്രവേശിച്ചപ്പോൾ സ്വയംപ്രഭ എന്ന താപസിയെ കാണുകയും ചെയ്തു. അവരുടെ അനുവാദത്തോടെ ആ ഗുഹയിലെ അനന്യ സാധാരണമായ ഫലമൂലാദികൾ ഭക്ഷിക്കുകയും തേൻ സമാനമായ വെള്ളം കുടിക്കുകയും ചെയ്തു. പിന്നെ, ആ താപസ്‌വിയുടെ ശക്തിയാൽ, നേരെ ദക്ഷിണ സമുദ്രതീരത്തിൽ എത്തിച്ചേർന്നു.
വിശ്വകർമ്മാവിന്റെ മകൾ ഹേമയാണ് താനെന്നും, മഹാദേവന്റെ അനുഗ്രഹത്താൽ ബ്രഹ്‌മാവിന്റെ നിർദ്ദേശത്താലും ഇവിടെ തപസ്സ് ചെയ്യുകയാണെന്നും, രാമാവതാര കാലത്തിൽ കപികൾ വന്ന് തപസ്സ് മുടക്കുമ്പോൾ രാമനെ കാണാൻ പോയ്‌കൊള്ളൂ എന്നും ശേഷം മുക്തിയുണ്ടാകുമെന്നുമാണ് വരം. അങ്ങിനെ, സ്വയംപ്രഭ, രാമനെ സ്തുതിച്ച ശേഷം ബദര്യാശ്രമത്തിലെത്തി മോക്ഷപദം പ്രാപിച്ചു.


Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം