ദശരഥന്റെ കാലഗതി

 ശങ്കരൻ പറഞ്ഞ കഥ (9)

സുമന്ത്രർ തന്റെ രഥവുമായി ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും ഗംഗാ തടത്തിൽ വിട്ട ശേഷം തിരികെ കൊട്ടാരത്തിൽ എത്തി ദശരഥനെ മുഖം കാണിച്ചു.
"മക്കളേയും കണ്ടെനിക്കു മരിപ്പാനു-
മിക്കാലമില്ലാതെ വന്നു സുകൃതവും."
എന്ന് പറഞ്ഞു ദശരഥൻ കരയാൻ തുടങ്ങി.
ഗുഹനെ കണ്ടതും തോണിയിൽ കയറി ഗംഗാനദി കടന്ന് പോയതും മന്ത്രി പറഞ്ഞറിഞ്ഞ കൗസല്യ, ഇങ്ങിനെ കാട്ടിൽ അയക്കാനുള്ള വരം കൈകേയി ചോദിക്കാനെന്താവും കാരണമെന്ന് ചോദിക്കുമ്പോൾ:
"പ്രാണപ്രയാണമടുത്തു, തപോധനൻ
പ്രാണവിയോഗേ ശപിച്ചതു കാരണം"
രാജാവ് അങ്ങിനെയുള്ള ഒരു പഴയ സംഭവം ഓർമ്മിച്ചെടുക്കുന്നു. കാട്ടിൽ നായാട്ടിന് പോയതും, ആന തുമ്പികൈയ്യിൽ വെള്ളം എടുത്തു കുടിക്കുന്ന ശബ്ദമെന്ന് കരുതി നാദഭേദിനി എന്ന (വിദ്യയിലൂടെ) അസ്ത്രം പ്രയോഗിക്കുകയും, ഒരു മുനി കുമാരന്റെ ശരീരത്തിൽ അത് കൊള്ളുകയും ചെയ്തു. മനുഷ്യശബ്ദത്തിലുള്ള കരച്ചിൽ കേട്ട് ഓടി ചെന്ന് നോക്കിയ ദശരഥൻ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മുനികുമാരനെയാണ്. തന്റെ അന്ധരായ മാതാപിതാക്കൾക്ക് വെള്ളം എടുക്കാൻ വന്നതാണെന്നും അവരോട് പോയി വിവരം പറയണമെന്നും നിർദ്ദേശിക്കുന്നു:
"ബ്രഹ്മഹത്യാ പാപമുണ്ടാകയില്ല തേ
വൈശ്യനത്രേ ഞാൻ ...
എന്നുടെ താതനു കോപമുണ്ടാകിലോ
നിന്നേയും ഭസ്മമാക്കീടുമറിക നീ"
ഇതിൽ നിന്നും വൈശ്യരിലും സന്യാസം ചെയ്യുന്നവരുണ്ടെന്ന് മനസിലാക്കാം. അവർക്കും തപോശക്തിയുണ്ടെന്നും ....
"പുത്രേണ സാകം പ്രവേശിച്ചവർകളും....
പുത്രശോകത്താൽ മരിക്കുമെന്നു ചൊല്ലിനാൻ"
പുത്രന്റെ ചിതയിലേക്ക് ആ വൃദ്ധ ദമ്പതികളും ചാടി മരിക്കുന്നു. അപ്പോഴാണവർ ശാപവും നൽകിയത്. ഇത് പറഞ്ഞു കരഞ്ഞുകൊണ്ട് ദശരഥൻ ഹൃദയം പൊട്ടി മരിച്ചു.
ഇതറിഞ്ഞെത്തിയ വസിഷ്ഠന്റെ നിർദ്ദേശപ്രകാരം
"തൈലമയ ദ്രോണി തന്നിലാക്കുക ധരാ-
പാലകൻ തന്നുടൽ കേടുവന്നീടായ് വാൻ".
ശവശരീരം ഭരതൻ എത്തുന്നത് വരെ കെടില്ലാതിരിക്കാൻ പ്രത്യേകം തയ്യാറാക്കിയ എണ്ണ നിറച്ച തോണിയിൽ ദശരഥന്റെ ശരീരം സൂക്ഷിച്ചു വയ്ക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
അനന്തരം, വേഗമുള്ള കുതിരകളിൽ ദൂതരെ കേകേയ രാജ്യത്തേക്ക് അയച്ചിട്ട് ഭാരത ശത്രുഘ്‌നൻ മാരെ വരുത്തി.
അവർ നേരെ ചെന്നത് കൈകേയിയുടെ അന്തഃപുരത്തിലേക്കാണ്. സ്വതേ, അവിടെയാണ് ദശരഥനും ഉണ്ടാവാറുള്ളത്.
പുത്രനെ കണ്ട കൈകേയിയുടെ ആദ്യ ചോദ്യം തന്നെ 'ഇവിടെ പ്രത്യേകിച്ചൊന്നും നടന്നില്ല' എന്ന മട്ടിലാണ് !!
"ഭദ്രമല്ലീ തൽ കുലത്തിങ്കലൊക്കവേ?
മാതാവിനും പിതൃ ഭ്രാതു ജനങ്ങൾക്കും
ഏതുമേ ദുഃഖമില്ലല്ലീ പറക നീ"
ഭരതൻ ബുദ്ധിമാനാണെന്നുള്ള സൂചനയാണ് ഈ ചോദ്യം :
"താതനെവിടെ വസിക്കുന്നു മാതാവേ ? ...
ഉൾപ്പൂവിലുണ്ടു മേ താപവും ഭീതിയും ..."
ചോദ്യത്തിന്റെ ഉദ്ദേശം മനസ്സികാതെ കൈകേയി മറുപടി പറയുന്നത് :
"എന്മകനെന്തു ദുഖിപ്പാനവകാശം ?...
സല്പുരുഷന്മാർ ഗതി ലഭിച്ചീടിനാൻ"
നിനക്കിഷ്ടമുള്ളത് (രാജസിംഹാസനം) ഞാൻ നേടിയെന്നും ധാരാളം രാജസൂയ യജ്ഞങ്ങൾ നടത്തിയ ദശരഥൻ കാലഗതി പൂകിയന്നും വളരെ നിസ്സാരമായാണ് കൈകേയി പറയുന്നത്. ദേവാസുര യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ധീരയായ ക്ഷത്രിയ റാണിയുടെ വാക്കുകൾ ആണിത്.
മരണസമയത്ത് ദശരഥൻ എന്താണ് പറഞ്ഞത് എന്നുള്ള ചോദ്യത്തിന് :
"ഹാ രാമ, രാമ, കുമാരാ, സീതേ, മമ
ശ്രീരാമ, ലക്ഷ്മണ രാമ, രാമ, രാമ,
സീതേ ജനക സുതേതി പുനഃപുന-
രാതനായ് വിലാപിച്ചു മരിച്ചിതു"
എന്ന് പറയുന്നു.
അപ്പോഴാണ്, അതെന്താ, രാമനും, സീതയും, ലക്ഷ്മണനും ഒന്നും അടുത്തില്ലായിരുന്നോ? എന്ന് ഭരതൻ ചോദിക്കുന്നത്. കൈകേയി രാമാഭിഷേകം മുടക്കിയതും, രണ്ടു വരങ്ങൾ ചോദിച്ചതും, രാമനെ കാട്ടിലയച്ചതും ആയുള്ള വൃത്താന്തമെല്ലാം പറഞ്ഞു കേൾപ്പിച്ചു.
എന്നാൽ, കഠിന ഹൃദയാനല്ലാത്ത ഭരതൻ ധർമ്മത്തെ ചിന്തിക്കുവാനും അമ്മ ചെയ്തത് തെറ്റാണെന്ന് പറയാനും, അത് മൂലം ക്രുദ്ധനാവാനും തുടങ്ങി.
"ഭർത്താവിനെ കൊന്ന പാപേ മഹാഘോരേ ..."
എന്ന് തുടങ്ങി ദേഷ്യത്തോടേയും സങ്കടത്തോടെയും അലമുറയിടാൻ തുടങ്ങി...
എന്നിട്ട് വേഗം കൗസല്യയുടെ അടുത്തേക്കെത്തി. അപ്പോഴേക്കും വസിഷ്‌ഠനും അവിടെയെത്തി ഇപ്രകാരം പറഞ്ഞു :
"ഖേദം മതി മതി കേളിതു കേവലം*
വൃദ്ധൻ ദശരഥനാകിയ രാജാധിപൻ"
ധാരാളം യാഗങ്ങൾ ചെയ്യിക്കയും ധനദാനാദികൾ നൽകുകയും രാജഭോഗങ്ങൾ എല്ലാം അനുഭവിക്കുകയും ചെയ്തിട്ടാണ് സുഖമായി മരണഗതി പ്രാപിച്ചത്.
അതിനാൽ
"മാറത്തലച്ചു തൊഴിച്ചു മുറവിളി-
ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ
നിസ്സാരമെത്രയും സംസാരമോർക്കിലോ
സത്സംഗമോന്നേ ശുഭകരമായുള്ളൂ"
(*ദശരഥൻ കേവലം വൃദ്ധൻ എന്നല്ല, കേവലം കേളിതു എന്നാണ് ഉദ്ദേശിക്കുന്നത്.)
ഇത് കേട്ട് ശാന്തനായ ഭരതൻ ഗുരുവചനപ്രകാരം ദശരഥന്റെ സംസ്കാര ചടങ്ങുകൾ ചെയ്യാനൊരുങ്ങി:
"അഗ്നിഹോത്രാഗ്നി തന്നാലഗ്നിഹോത്രിയെ
സംസ്കരിക്കും വണ്ണമാചാര്യ സംയുതം"
മൃതശരീരത്തിൽ ജീവൻ ഉണ്ടാകുന്നത് ആത്മാവാകുന്ന അഗ്നി ജ്വലിക്കുമ്പോഴാണ്. ആ ആത്മാവാകട്ടെ നാശമില്ലാത്തതും പരബ്രഹ്മ സ്വരൂപവുമാണ്. ഈ ശരീരം ആകുന്ന രഥത്തിൽ ജീവിതം ഒരു യജ്ഞ സമാനമായാണ് ഓരോരുത്തരും ജീവിക്കേണ്ടത്. അങ്ങിനെ ജീവൻ നിലനിർത്തുമ്പോൾ "അഗ്നയേ ഇദം നഃ മമഃ" എന്ന മന്ത്രത്തോടെ ത്യാഗം (ഹോമം) ചെയ്യുക എന്നതാണ് ഭാരതത്തിലെ ജീവിത വീക്ഷണം. ഭക്ഷണം കഴിക്കുമ്പോഴും ജഠരാഗ്നിയെ പോഷിപ്പിക്കുന്നതിനുള്ള ഹോമമായിട്ടാണ് കണക്കാക്കുന്നത്. ആത്മാവ് ഉപേക്ഷിച്ച ശരീരവും, അത് നിർമ്മിച്ച പഞ്ചഭൂതങ്ങളിലേക്ക് അഗ്നി വഴി ഹോമിക്കുക എന്നതാണ് ശവസംസ്കാര ചടങ്ങിന്റെ പൊരുൾ. അഗ്നിഹോത്രിയോ (ബ്രാഹ്മണനോ), ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ശരീര ദഹനത്തിലൂടെ ചെയ്യുന്നത് ഒരേ ആചാരം തന്നെയാണ്.



Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം