ശൂർപ്പണഖാംഗം
ശങ്കരൻ പറഞ്ഞ കഥ (12)
അഗസ്ത്യനെ വണങ്ങി ദിവ്യായുധങ്ങളും കൈയിലേന്തി പുറപ്പെട്ട മൂവരും അധികം ദൂരെയല്ലാതെ, അതി ഭീമാകാരനായൊരു പക്ഷിയെ കണ്ടു. വല്ല രാക്ഷസരും രൂപം മാറി കിടക്കുന്നതാവും എന്ന് കരുതി കൊല്ലാൻ ഒരുമ്പിട്ട രാമനോട് :
"വധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്ടനായ വയസ്യന്നെയറിഞ്ഞാലും
നിന്തിരുവടിക്കും ഞാനിഷ്ടത്തെചെയ്തീടുവൻ
ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാൻ"
"ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം കഷ്ടം" എന്ന് പറഞ്ഞുകൊണ്ട് തങ്ങൾ താമസിക്കുന്നതിന്റെ അടുത്ത് താമസിച്ചുകൊള്ളൂ എന്ന് പറഞ്ഞു.
പഞ്ചവടിയിൽ
"ശ്രീരാമനായോദ്ധ്യയിൽ വാണതുപോലെ വാണാൻ"
അങ്ങിനെ ഒരു ദിനം, ഏകാന്തതയിൽ ലക്ഷ്മണൻ രാമനോട് :
"മുക്തിമാർഗ്ഗ മരുൾ ചെയ്യണം ഭഗവാനെ..."
"കേട്ടാലുമെങ്കിലതി ഗുഹ്യമാമുപദേശം ..." എന്നിങ്ങനെ മായാ സ്വരൂപത്തെ കുറിച്ചും മറ്റും ഉപദേശിക്കുന്നു.
"പ്രാകൃത ജനങ്ങളുമായ് വസിക്കരുത്തൊട്ടും...
വൈദികകർമ്മങ്ങളുമാത്മനി സമർപ്പിച്ചാൽ
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും"
സംസ്കൃത ജനങ്ങളും പ്രാകൃത ജനങ്ങളും തമ്മിൽ എന്താണ് വ്യത്യാസം ? മനുഷ്യരും, രാക്ഷസ കുല ജാതരും തമ്മിൽ ? സ്വന്തം പ്രവർത്തിയാണ് അതിന് കാരണം. ബ്രാഹ്മണോത്തമൻ ആണ് രാവണൻ - ശക്തിയും ബുദ്ധിയും ഒത്തിണങ്ങിയ ആൾ. എന്നാൽ, അഹങ്കാരം അയാളെ രാക്ഷസനാക്കി. ചിട്ടയായ ജീവിതം, ആരോഗ്യമുള്ള ശീലങ്ങൾ, നല്ല ഭക്ഷണം, കല്യാണദായകമായ വിദ്യാഭ്യാസം ഇതെല്ലാം ആണ് നമ്മെ സംസ്കാരമുള്ളവർ ആക്കുന്നത്. ഇതിനെതിരായി നടക്കുന്നവർ താമസിക്കുന്നത് നമ്മുടെ ഇടയിൽ ആണെങ്കിലും അവരെ പ്രാകൃതരായി മാത്രമേ കണക്കാക്കാൻ സാധിക്കൂ.
ശൂർപ്പണഖ, കൈകേയിയെ പോലെ തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. രൂപം മാറാൻ കഴിയുന്ന, ആകാശമാർഗ്ഗം സഞ്ചരിക്കാൻ കഴിയുന്ന രാവണസഹോദരി വന്നില്ലെങ്കിൽ എങ്ങിനെയാണ് രാമൻ ലങ്കയിൽ എത്തുക ?
ഒരാളെ അയാളുടെ രൂപം കണ്ട് കാമിക്കുക! പ്രാപിക്കണമെന്ന് അതിയായി ആഗ്രഹിക്കുക. അതിനായി ശ്രമിച്ചു നിരാശിതരായി കോപം കൊണ്ട് അന്ധമായുള്ള പ്രവർത്തികളിൽ ഏർപ്പെടുക, ഇതൊക്കെയാണ് ശൂർപ്പണഖാംഗം കൊണ്ട് മനസ്സിലാക്കേണ്ടത്. ഇതൊക്കെ ഇന്നും നടക്കുന്നു എന്നതും രാമായണത്തെ കാലാതിവർത്തിയാക്കുന്നു.
"രാക്ഷസേശ്വരനായ രാവണഭഗനി ഞാ-
നഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ"
നല്ല അവതരണം. രാമനും തിരികെ പരിചയപ്പെടുത്തിയിട്ട് വന്ന കാര്യം എന്തന്ന് അന്വേഷിക്കുന്നു. എന്റെ കൂടെ വന്ന് രമിക്കണം എന്നാണ് ആവശ്യം. അത് സാധ്യമല്ലെന്ന് പറഞ്ഞ രാമൻ നിനക്ക് ലക്ഷ്മണൻ ചേരും എന്ന അഭിപ്രായത്തോടെ അങ്ങോട്ട് വിടുന്നു. അങ്ങിനെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിട്ടപ്പോൾ ദേഷ്യം വന്ന അവളുടെ യഥാർത്ഥ രാക്ഷസ രൂപം പ്രാപിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. ഉടൻതന്നെ ലക്ഷ്മണൻ വാളുകൊണ്ട് മൂക്കും മുലയും മുറിച്ചു വികൃതരൂപമാക്കി.
വേദനയെക്കാളേറെ അപമാനത്താലും വൈരാഗ്യത്താലും ക്ഷോഭിതയായ അവൾ തന്റെ സഹോദരനായ ഖരന്റെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു. അവൻ തന്റെ കൂടെയുള്ളവരിൽ ഏറ്റവും ശക്തരായ 14 പേരെ യുദ്ധത്തിനായി അയച്ചു. അങ്ങോട്ട് യുദ്ധത്തിന് ചെന്നവർ നേരെ കാലപുരിക്കെത്തി. ഖരനും, ദൂഷണനും, ത്രിശിരസ്സും കൂടെ 14000 രാക്ഷസരും യുദ്ധത്തിന് ചെന്നപ്പോൾ,
"മൈഥിലി തന്നെയൊരു ഗുഹയിലാക്കികൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ" എന്ന് ലക്ഷ്മണനോട് പറഞ്ഞ ശേഷം രാമൻ യുദ്ധത്തിന് പുറപ്പെട്ടു. വന്നവരെയെല്ലാം ഭീകരമായ യുദ്ധത്തിനൊടുവിൽ മൂന്നേമുക്കാൽ നാഴിക (രണ്ടര നാഴിക ഒരു മണിക്കൂർ) കൊണ്ട് കൊന്നുതള്ളി.
അങ്ങിനെ, ഗംഗാ തടത്തിൽ തുടങ്ങി പഞ്ചവടി വരെയുള്ള വനപ്രദേശങ്ങളിലെ രാക്ഷസരെയെല്ലാം ഇല്ലാതാക്കി. അവരെല്ലാം, രാക്ഷസരൂപത്തിൽ വന്ന താപസന്മാരെന്നും രാമബാണങ്ങളാൽ അവർക്ക് മോക്ഷം ലഭിച്ചു എന്നും കിളിക്കൊഞ്ചൽ.
"ശാസ്ത്രഔഘനി കൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു
മുക്ത ബാഷ്പോദകം വിദേഹാത്മജ മന്ദം മന്ദം
തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാൾ .."
ചെറുതായി ഉണ്ടായ മുറിവുകൾ എല്ലാം സീതയുടെ തലോടലിൽ മാഞ്ഞു പോയി.
മുനിജനങ്ങളോട് യുദ്ധത്തിൽ രാക്ഷസരെ ഇല്ലാതാക്കിയ വിവരം പറയാൻ ലക്ഷ്മണനെ പറഞ്ഞയച്ചു. അവരാകട്ടെ, ഒരു മോതിരവും, ചൂഡാരത്നവും (എന്ന മുടിയിൽ വയ്ക്കുന്ന ഒരു ആഭരണവും) കവചവും നൽകി അയച്ചു. രാമൻ മോതിരമണിഞ്ഞ ശേഷം, ചൂഡാരത്നം സീതയ്ക്ക് നൽകി, കവചം ലക്ഷ്മണനും.

Comments
Post a Comment