ഋഷ്യമൂകാചലം
ശങ്കരൻ പറഞ്ഞ കഥ (15)
ശബരിയുടെ ആശ്രമത്തിൽ നിന്ന് കിഷ്കിന്ധാപുരിയുടെ അടുത്തുള്ള ഋഷ്യമൂകാചലം പോകുന്നതിന് പമ്പാനദി കടന്നാണ് പോയത് എന്ന് ശാരികപൈതൽ പറയുന്നു. ശ്രീരാമ ലക്ഷ്മണന്മാരെ ദൂരെ നിന്ന് കണ്ട് ഭയന്ന സുഗ്രീവൻ വേഗം മലമുകളിലേക്ക് ഓടിയൊളിച്ചു. എന്നിട്ട് വരുന്നതാരെന്നറിയാൻ ഹനുമാനോട് പോയി അന്വേഷിക്കാൻ ചട്ടം കെട്ടി.
"നീയൊരു വിപ്രവേഷം പൂണ്ടവരോടു
വായുസുത, ചെന്നു ചോദിച്ചറിയേണം"
അങ്ങിനെ ചെന്ന ഹനുമാൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ രാമൻ ലക്ഷ്മണനോടായി പറഞ്ഞത് കേൾക്കുക :
"പശ്യ സഖേ വിദുരൂപിണം ലക്ഷ്മണ,
നിശ്ശേഷശബ്ദശാസ്ത്രമനേന ശ്രുതം.
ഇല്ലോരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടു നിർണ്ണയം"
ബ്രാഹ്മണ "വേഷം ധരിച്ച" ഇയാൾ നല്ല പണ്ഡിതൻ തന്നെ. പറഞ്ഞ കാര്യങ്ങളിൽ ഒരപശബ്ദമോ വ്യാകരണപ്പിശകോ ഉണ്ടായില്ല !! സൂര്യനിൽ നിന്ന് വേദങ്ങളും മറ്റു വിദ്യകളും അഭ്യസിച്ച ആളല്ലേ... സ്വന്തം ശക്തി വൈഭവം മാത്രമാണ് ശാപം കാരണം ഓർമ്മയില്ലാതായത്.
വളരെ ലഘുവായി തങ്ങൾ ആരെന്നും സീതാന്വേഷണത്തിന് പോകുന്നുവെന്നും മറ്റുമുള്ള വൃത്താന്തമെല്ലാം പറഞ്ഞു.
മറുപടിയായി സുഗ്രീവനെ കുറിച്ചും കൂടെയുള്ള നാല് മന്ത്രിമാരെ കുറിച്ചും പറഞ്ഞു കേൾപ്പിച്ചു. ബാലി ഓടിച്ചതാണെന്നും സുഗ്രീവന്റെ ഭാര്യയെ സ്വന്തമാക്കിയെന്നും പറഞ്ഞവസാനിപ്പിച്ചത് ഇങ്ങിനെയാണ്:
"ഞാനവൻ തന്നുടെ ഭൃത്യനായുള്ളൊരു-
വാനരൻ വായുതനയൻ മഹാമതേ !"
അങ്ങിനെ അവർ സുഗ്രീവ സന്നിദ്ധിയിൽ എത്തി. അന്യോന്യം അഭിവാദ്യങ്ങൾ എല്ലാം കഴിഞ്ഞ ശേഷം സുഗ്രീവൻ സീതാപഗ്രഹരണം ചെയ്ത് കൊണ്ടുപോകുന്നത് കണ്ടെന്നും, ഞങ്ങളെ കണ്ട അവൾ
"ഉത്തരീയത്തിൽ പൊതിഞ്ഞാഭരണങ്ങൾ
അദ്രീശ്വരോപരി നിക്ഷേപണം ചെയ്‌താൾ"
എന്നും പറഞ്ഞുകൊണ്ട് അത് കാണിച്ചു കൊടുത്തു. അത് കണ്ടമാത്രയിൽ
പ്രകൃതന്മാരാം പുരുഷന്മാരെ പോലെ
ലോകൈകനാഥൻ കരഞ്ഞു തുടങ്ങിനാൻ. അപ്പോൾ ഹനുമാൻ
അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ
ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും.
പിന്നീട് ബാലിയും സുഗ്രീവനുമായി വിരോധമുണ്ടാകാൻ കാരണമായ മായാവി എന്ന അസുരന്റെ കഥ പറഞ്ഞു. ബാലിയുടെ ഇടികൊണ്ട് ഓടിയ അസുരൻ ഒരു ഗുഹയിൽ കയറി ഒളിച്ചിരുന്നു. പുറകെ ചെന്ന ബാലി, ഗുഹയിൽ കയറുന്നതിന് മുൻപ്, യുദ്ധാവസാനം, ഞാൻ മരിച്ചാൽ, ഗുഹയിൽ നിന്ന് ചോര പുറത്തേയ്ക്ക് ഒഴുകും. അഥവാ, അസുരനെങ്കിൽ പുറത്തേയ്ക്ക് പാല് (!) ആണ് ഒഴുകുക. ഒരു മാസമായിട്ടും യുദ്ധം അവസാനിച്ചില്ല. എന്നാൽ, പുറത്തേയ്ക്ക് ചോര ഒഴുകാൻ തുടങ്ങിയപ്പോൾ, ഗുഹാമുഖം അടച്ചു വച്ചിട്ട് സുഗ്രീവൻ കിഷ്കിന്ധയിലേക്ക് തിരികെ പോയി. രാജഭരണം ഏറ്റെടുത്തു. എന്നാൽ, ബാലീ മരിച്ചില്ലായിരുന്നു. തിരികെ എത്തിയ ബാലി, സുഗ്രീവനെ കൊല്ലാനായി ഓടിച്ചു. അങ്ങിനെ ഋഷ്യമൂകാചലം എന്ന മലയുടെ മുകളിൽ കയറി. അവിടെ കയറിയാൽ ബാലിയുടെ തല പൊട്ടിത്തെറിക്കും എന്ന ശാപമുള്ളതിനാൽ രക്ഷപെട്ടു. ദുന്ദുഭി എന്ന അസുരനെ കൊന്ന് തല എറിഞ്ഞപ്പോൾ അത് മാതംഗ മുനിയുടെ ആശ്രമത്തെ അശുദ്ധമാക്കി. അദ്ദേഹമാണ് ബാലിയെ ശപിച്ചത്.
"ദുന്ദുഭിതന്റെ തലയിതു കാണ്കൊരു
മന്ദിരം പോലെ കിടക്കുന്നതു ഭവാൻ"
അത് ഉയർത്തി മാറ്റാൻ കഴിഞ്ഞാലേ ബാലിയെ കൊല്ലാൻ സാധിക്കൂ... എന്നും പറഞ്ഞു. രാമൻ, അത് തന്റെ കാലിലെ പെരുവിരൽ കൊണ്ട് തട്ടിക്കളഞ്ഞപ്പോൾ ദശയോജന (120 കിലോ മീറ്റർ) ദൂരെ പോയി വീണു.
അടുത്ത പരീക്ഷണം വട്ടത്തിൽ നിൽക്കുന്ന ഏഴുമരങ്ങൾ ബാലി മല്പിടുത്തതിന് ഉപയോഗിക്കുന്നവയാണ്. അവയെ ഒറ്റ അമ്പ് കൊണ്ട് ഭേദിച്ചാൽ, ബാലിയെ വധിക്കാൻ രാമന് സാധിക്കും എന്ന് വിശ്വസിക്കാം എന്നും പറയുന്നു. അതും ചെയ്തതോടെ സുഗ്രീവന് ധൈര്യമായി. ബാലിവധം സാധ്യമാകുമെന്നും ഉറപ്പായി.

Comments
Post a Comment