ബാലിവധം
ശങ്കരൻ പറഞ്ഞ കഥ (16)
------------------------------
സഖ്യം ചെയ്ത ശേഷം സുഗ്രീവൻ നേരെ കിഷ്കിന്ധാപുരിയിൽ എത്തി ബാലിയെ യുദ്ധത്തിന് വെല്ലുവിളിച്ചു. ഇന്ദ്രപുത്രനും സൂര്യപുത്രനും തമ്മിലുള്ള ദ്വന്ദ യുദ്ധം തുടങ്ങി. എന്നാൽ ബാലിയേത് സുഗ്രീവനേത് എന്നറിയാതെ രാമന് ശസ്ത്രം പ്രയോഗിക്കാൻ സാധിച്ചില്ല. സുഗ്രീവൻ പരാജിതനായി ഓടി രക്ഷപെട്ടു. രാമനെ കണ്ടപ്പോൾ ചീത്ത പറയാനും തുടങ്ങി.
"ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ
ചിത്തത്തിലോർത്തതറിഞ്ഞീല ഞാനയ്യോ !..."
ഇത് കേട്ട് തമ്മിൽ തിരിച്ചറിയാനായില്ല എന്ന വസ്തുത പറയുകയും ലക്ഷ്മണനോട് ഒരു വനമാല ധരിപ്പിച്ചാൽ അടുത്ത തവണ സുഗ്രീവനെ തിരിച്ചറിയാൻ സാധിക്കുമെന്നും പറയുന്നു. അങ്ങിനെ വീണ്ടും സുഗ്രീവൻ പുറപ്പെടുന്നു.
എന്നാൽ രണ്ടാമതും സുഗ്രീവന്റെ വെല്ലുവിളി കേട്ട താര ബാലിയ്ക്ക് മുന്നറിയിപ്പ് നൽകുന്നു.
"എത്രയും പാരം പരാക്രമമുള്ളോരു
മിത്രമവനുണ്ടു പിന്തുണ നിർണ്ണയം .."
അംഗതൻ വനത്തിൽ പോയപ്പോൾ ശ്രീരാമലക്ഷ്മണന്മാരെ കണ്ടെന്നും രാവണൻ അപഹരിച്ച സീതയെ അന്വേഷിച്ചു നടന്ന അവർ സുഗ്രീവനുമായി അഗ്നിസാക്ഷിയായി സത്യം ചെയ്തെന്നും ബാലിയെ വധിച്ചു കിഷ്കിന്ധാ രാജാവായി വാഴിക്കുമെന്നും ഒക്കെ അറിഞ്ഞെന്നും പറയുന്നു.
എന്നാലതിന് ബാലിയുടെ മറുപടി
"രാമനാകുന്നത് സാക്ഷാൽ മഹാവിഷ്ണു ...
പക്ഷഭേദം ഭവാനില്ല നിർണ്ണയം."
രണ്ടുപേരും തമ്മിലുള്ള യുദ്ധം വീണ്ടും തുടങ്ങി. ആരാക്രമിക്കാൻ വന്നാലും അവരുടെ ശക്തിയുടെ പകുതി ബലിയ്ക് കിട്ടുമെന്നൊരു വരം കിട്ടിയിട്ടുണ്ട്. അതിനാൽ തന്നെ രാമൻ മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നാണ് അമ്പെയ്യുന്നത്. അത് തന്റെ ധർമ്മാനുചരണത്തിൽ ലോപമെങ്കിൽ അതിന്റെ ഫലം വിഷ്ണു ഭഗവാനായാലും അനുഭവിക്കേണം എന്നതാണ് കാലത്തിന്റെ കാവ്യനീതി. അടുത്ത ജന്മത്തിൽ ബാലിയാണ് വേടനായി വന്ന് ശ്രീകൃഷ്ണനെ അമ്പെയ്തത്.
എന്നാൽ കോപവും ഖേദവും കലർന്ന ബാലിയുടെ ചോദ്യം ഇതാണ് ..
"വ്യാജേന ചോരധർമ്മത്തെയും കൈകൊണ്ടു
രാജധർമ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?"
സംശയം ന്യായമാണ്. രാമന്റെ സ്വത്വം അറിഞ്ഞിട്ടും ബാലിയ്ക് ചോദ്യം ചെയ്യാൻ മടിയില്ല. ഭാരതത്തിലെ പുരാണങ്ങളിലോ മറ്റു ഗ്രന്ഥങ്ങളിലോ കാണുന്ന ഒരു പ്രതിഭാസമാണിത്. യുക്തിഭദ്രമായ ചോദ്യങ്ങളും അതിനുള്ള മറുപടികളും നൽകി കൊണ്ടേ ഇരിക്കും. അല്ലാതെ അവതാരങ്ങളോ മറ്റു ദേവതകളോ നൽകുന്ന വാക്കുകൾ അന്തിമമാണെന്നോ അവയെ ചോദ്യം ചെയ്യാൻ പാടില്ല എന്നോ അല്ല പറയുന്നത്. ഉത്തരം തൃപ്തി ആയെങ്കിൽ മാത്രം സ്വീകരിച്ചാൽ മതി.
"പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യം, അതു
ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ
പാപികളിൽവച്ചുമേറ്റം മഹാപാപി"
അതിനാലാണ് ഞാൻ നിന്നെ വധിക്കാൻ തീരുമാനിച്ചത്, എന്നാണ് രാമന്റെ ധർമ്മ ചിന്ത.
"ഇത്ഥമരുൾചെയ്തതൊക്കവേ കേട്ടാശു
ചിത്ത വിശുദ്ധി ഭവിച്ചു കപീന്ദ്രനും"
പുരാണങ്ങളിൽ എല്ലാം ഇങ്ങിനെ കാണാം. ദുഷ്ടരെ ചുമ്മാ കൊല്ലുകയല്ല. മറിച്ച്, മരിക്കുന്നതിന് മുന്നേ എന്തിനാണ് നിന്നെ കൊല്ലുന്നത് എന്നത് വ്യക്തമാക്കിയിട്ടാണ് (മനസ്സിലെ വിഷമങ്ങൾ ഇല്ലാതാക്കിയിട്ടാണ്) മരണം സംഭവിക്കുന്നത്...
അതിന് ശേഷം ഓടി വന്ന് വാവിട്ട് നിലവിളിക്കുന്ന താരയെ സമാധാനിപ്പിച്ചു ശേഷമാണ് സുഗ്രീവനെ ശേഷക്രിയകൾ ചെയ്യാനും അംഗതനെ യുവരാജാവായി വാഴിക്കാനും ലക്ഷ്മണനോട് സുഗ്രീവന്റെ രാജാഭിഷേകം നടത്താനും പറയുന്നത്.
മറ്റൊരു രാജ്യത്തും കയറുകയില്ല എന്ന ഒരു വാശിയും രാമൻ വനവാസകാലത്ത് പാലിച്ചിരുന്നു....

Comments
Post a Comment