രാജാഭിഷേകത്തിനുള്ള തയ്യാറെടുപ്പ്

 ശങ്കരൻ പറഞ്ഞ കഥ (5)

'ബാലകാണ്ഡം' സീതാസ്വയംവരത്തോടെ അവസാനിപ്പിച്ച ശേഷം 'അയോദ്ധ്യാ കാണ്ഡ'ത്തിലേക്ക് കടക്കുകയാണ്.
എഴുത്തച്ഛൻ കഥ പറയിക്കുന്നത് തത്തയെ കൊണ്ടാണല്ലോ.
"താർമകൾക്കൻപുള്ള തത്തേ വരികെടോ
താമസശീലമാകറ്റേണമേശു നീ"
മധുര മീനാക്ഷി ആയ പാർവ്വതിയുടെ വലതുകൈയിലെ പക്ഷി തത്ത ആണല്ലോ. സാത്വികം, രാജസം, താമസം (രാക്ഷസീയം / അനാരോഗ്യകരം) എന്നിങ്ങനെയാണ് ത്രിഗുണങ്ങൾ (ആയുർവേദത്തിലും മറ്റും) പറഞ്ഞിട്ടുള്ളത്. അതിനാൽ, താമസമില്ലാതെ കഥ പറഞ്ഞുകൊള്ളൂ, എന്നാണ് വിവക്ഷ. പിന്നെ, കാമദേവന്റെ വാഹനവും തത്തയാണ്. വ്യാസന്റെ മകനായ ശുക മഹർഷിയും തത്തയുടെ രൂപത്തിലാണ്. തൈത്തിരീയ ഉപനിഷത്തിൽ തത്ത വേദം ഭുജിച്ചു എന്നും കാണാം.
"ഭാർഗ്ഗവൻ തന്നുടെ ദർപ്പം ശമിപ്പിച്ചു" എന്നതുകൊണ്ടുദ്ദേശിക്കുന്നത് ക്ഷത്രിയന്തകനാകേണ്ടി വന്ന ബ്രാഹ്മണന് അതിനുള്ള സമയം കഴിഞ്ഞു. ഇനി ധർമ്മാശ്രമ വിചാരം ചെയ്യുന്നതിന് രാജാക്കളും ഭൂമിയിൽ ആവശ്യമാണെന്ന് സൂചിപ്പിക്കാൻ കൂടിയാണ്. ഏതൊരു രാജ്യത്തും സാത്വിക ഭാവത്തിലുള്ള ബ്രാഹ്മണരുടെ ഉപദേശപ്രകാരം ക്ഷത്രിയർ ഭരണം നടത്തുന്നതാണ് നല്ലത് എന്നാണ് ഭാരതീയ പാരമ്പര്യ ദർശനം. ഇവിടെ ജന്മം കൊണ്ടല്ല ബ്രാഹ്മണനോ ക്ഷത്രിയനോ ആകേണ്ടത് എന്നത് പ്രത്യേകം സ്മരിക്കുക. പരശുരാമൻ ചിരഞ്ജീവി ആകയാൽ, ക്ഷത്രിയർ അധർമ്മം പ്രവർത്തിച്ചാൽ ബ്രാഹ്മണർക്ക് ശസ്ത്രം കൈയിലേന്തേണ്ടി വരുമെന്നും സാരം.
ഭരതൻ തന്റെ അമ്മാവനായ കേകയ രാജാവ് യുധാജിത്തിന്റെ ആവശ്യപ്രകാരം ശത്രുഘ്നനോട് കൂടി പോയ സമയത്താണ് അയോദ്ധ്യയിൽ ദശരഥന് രാമനെ രാജാവായി വാഴിക്കണം എന്ന ചിന്ത ഉണ്ടാകുന്നത്.
പാർവതി ഒരു നല്ല ശ്രോതാവാണ് എന്ന സൂചനയാണ്, മഹാദേവനോടുള്ള ചോദ്യങ്ങളിലും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിലും കാണുന്നത്.
"നക്തന്ദിവം ജീവിതാവധി കേൾക്കിലും
തൃപ്തിവരാ മമ വേണ്ടീല മുക്തിയും"
രാത്രിയിലും പകലും ആയി ജീവിതാവസാനം വരെ രാമ കഥകൾ കേട്ടാലും തൃപ്തിയാകില്ല എന്നാണ് പറയുന്നത്. അതിനാൽ കൈലാസത്തിൽ ഇരുന്ന് ഇന്നും മഹാദേവൻ അക്കഥകൾ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.!
ഒരു ദിവസം നാരദർ അയോദ്ധ്യയിലെത്തുമ്പോൾ കാണുന്നത് ശ്രീരാമനും സീതയും അലങ്കാരത്തോടെയുള്ള രത്നസിംഹാസനത്തിൽ
"ലീലയാ താംബൂല ചർവ്വണാദ്യൈരനു-
വേലം വിനോദിച്ചിരുന്നരുളുന്നേരം"
വെറ്റില മുറുക്കി രസിച്ചിരിക്കുകയായിരുന്നു എന്ന് സാരം.
"ശ്രീരാമദേവനും സംഭ്രമം കൈക്കൊണ്ടു
നാരദനെക്കണ്ടെഴുന്നേറ്റു സാദരം"
മനുഷ്യ അവതാരം പൂണ്ട മഹാവിഷ്ണു പ്രായാധിക്യമുള്ള നാരദ മഹർഷിയെക്കണ്ടാൽ എഴുന്നേൽക്കാതെ തരമില്ലല്ലോ?
"എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ
സന്തോഷമുൾക്കൊണ്ടരുൾ ചെയ്കയും വേണം
മന്ദനെന്നാകിലും കാരുണ്യമുണ്ടങ്കിൽ
സന്ദേഹമില്ല, സാധിപ്പിപ്പനെല്ലാമേ"
സ്വയം "മന്ദൻ" എന്നാണ് ശ്രീരാമൻ തന്നെ വിശേഷിപ്പിക്കുന്നത്. അധികം കഴിവുകൾ ഉള്ള ആളൊന്നുമല്ല അങ്ങിനെയുള്ള ധാരണയും ഇല്ല എന്നാണ് ധ്വനി. അഹങ്കാരത്തെ ശമിപ്പിക്കാൻ സ്വയം കളിയാക്കുകയും മറ്റുള്ളവർ പരിഹസിക്കുമ്പോൾ അത് കളിയായെടുക്കാനും പരിശീലിക്കണം.
നാരദൻ പറയുന്നു:
"യോഗേശനായ നീ സംസാരി ഞാനെന്നു
ലോകേശ, ചൊന്നതു സത്യമത്രേ ദൃഢം"
ഇഹലോകമെന്നതിനെ നയിക്കുന്നത് ഗൃഹസ്ഥൻമാരാണ്. അവരാണ് ബ്രഹ്മചാരികൾക്കും, വാനപ്രസ്ഥികൾക്കും, (ചിലപ്പോഴൊക്കെ) സന്യാസികൾക്കും ആശ്രയം.
അതിന് ശേഷം വന്ന കാര്യം പറയുന്നു. രാവണ നിഗ്രഹം നടക്കണമെങ്കിൽ രാജാഭിഷേകം നടക്കരുതെന്ന് ഓർക്കണമെന്നും:
"സത്യസന്ധൻ ഭവാനെങ്കിലും മാനസേ
മർത്യജന്മം കൊണ്ടു വിസ്മൃതനായ് വരും"
സത്യത്തെ ലംഘിക്കയില്ലെന്നും കാര്യവിളംബത്തിന് കാരണമുണ്ടെന്നും പറയുന്ന രാമൻ, കാലസ്വരൂപിയായ പരമേശ്വരനെ സ്മരിക്കുന്നു:
"കാലാവലോകനം കാര്യസാദ്ധ്യം നൃണാം
കാലസ്വരൂപനല്ലോ പരമേശ്വരൻ !"
ഈ നാരദ സന്ദർശനം അയോദ്ധ്യയിൽ മറ്റാരും അറിഞ്ഞില്ല എന്നുവേണം ധരിക്കാൻ.
അതേ സമയം ദശരഥൻ വസിഷ്ഠനോട് :
"വൃദ്ധനായ്‌ വന്നത് ഞാനുമൊട്ടാകയാൽ
പുത്രരിൽ ജ്യേഷ്ഠ കുമാരനാം രാമകുമാരനെ
പൃഥ്വീ പരിപാലനാർത്ഥമാഭിഷേക-
മെത്രയും വൈകാതെ ചെയ്യണമെന്നു ഞാൻ" പറയുകയാണ്.
കൈകേയ രാജ്യത്ത് പോയ ഭാരതശത്രുഘ്‌നൻമാർ വന്നില്ലെങ്കിലും സാരമില്ല
"വന്നു മുഹൂർത്തമടുത്ത ദിനം തന്നെ
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം"
നാളെ പൂയം നക്ഷത്രം ആണെന്നും അത് നല്ലതെന്നും അതിനാൽ ഗുരുനാഥനായ വസിഷ്‌ഠൻ തന്നെ രാമനോട് ഇതുപോയി പറയണമെന്ന് അഭ്യർത്ഥിക്കുന്നു.
മന്ത്രിയായ സുമന്ത്രരോട് ഒരുക്കങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കിയിട്ടാണ് വസിഷ്‌ഠൻ തന്റെ തേരിലേറി രാമനെ കാണാൻ പോകുന്നത്. അവിടെ എത്തിയ കുലഗുരുവിനെ സിംഹാസനത്തിൽ ഇരുത്തി സീതയോട് കൂടി കാൽ കഴുകി തീർത്ഥം സ്വയം തളിച്ച ശേഷം ആണ് വന്നതിന്റെ കാരണം ചോദിക്കുന്നത്.
"ഉണ്ടഭിഷേകമടുത്ത നാളെന്നതു
കണ്ടുചൊൽവാനായുഴറി വന്നേനേഹം..
വൈദേഹിയോടുമുപവാസവും ചെയ്തു -
മേദിനീ തന്നിൽ ശയനവും ചെയ്യണം"
പ്രധാനപ്പെട്ട വൈദീക കർമ്മങ്ങൾ ചെയ്യുമ്പോൾ അനുഷ്‌ഠിക്കേണ്ട ശാരീരിക തയ്യാറെടുപ്പുകൾ ആണ്, ഉപവാസം, ബ്രഹ്മചര്യം (മൈഥുനം അരുത് എന്നർത്ഥം), ഭൂമിയിൽ (പായവിരിച്ച്) കിടക്കുക എന്നതെല്ലാം. അടുത്ത ദിവസം കൂടുതൽ ശരീരക്ഷമതയുണ്ടാവാനും, ക്ഷീണം ഉണ്ടാവാതിരിക്കാനും എല്ലാം ഇത്തരം തയ്യാറെടുപ്പുകൾ ആവശ്യമാണ്.
പിന്നീട് ദശരഥൻ ഈ വൃത്താന്തം
"കൗസല്യയോടും സുമിത്രയോടും ചെന്നു
കൗതുകമോടറിച്ചാനൊരു പുമാൻ"
അതെന്താണ് കൈകേയിയോട് പറയാതിരുന്നത് ?
കൗസല്യയാകട്ടെ:
"കേകേയ പുത്രീ വശഗതനാകയാൽ
ആകുലമുള്ളിൽ വളരുന്നിതേറ്റവും....
കാമുകനല്ലോ നൃപതി ദശരഥൻ
കാമിനി കൈകേയി ചിത്തമെന്തീശ്വരാ..."
എന്നതിനാൽ ദേവിയോട് പ്രാർത്ഥന:
"ദുർഗ്ഗേ ! ഭഗവതി ! ദുഷ്കൃതനാശിനി !
ദുർഗതി നീക്കിത്തുണച്ചീടുമംബികേ !"
No photo description available.
All reactions:
Hari Chemmangattu, Aromalsindhu Sindhu and 11 others

Comments

Popular posts from this blog

ശബരി ആശ്രമത്തിൽ

അഗസ്ത്യാശ്രമത്തിൽ

കനകമൃഗമെത്രയും ചിത്രം ചിത്രം