ചിത്രകൂടാചലം
ശങ്കരൻ പറഞ്ഞ കഥ (10)
എന്തായാലും ഭരതൻ തീരുമാനിച്ചത്, ശ്രീരാമനെ കാട്ടിൽ പോകാൻ അനുവദിക്കരുതെന്നും തിരികെ അയോദ്ധ്യയിൽ എത്തിച്ച് രാജഭാരം നല്കണമെന്നുമാണ്. അതിനായി കാട്ടിലേക്ക് പുറപ്പെട്ടു. വസിഷ്‌ഠനും അതിൽ തെറ്റ് തോന്നിയില്ല. ഒരാൾ രാജാവാകുന്നത് അയാൾക്ക് അതിൽ പൂർണ്ണമായി താല്പര്യമുണ്ടായിട്ടു വേണമല്ലോ.
രാമൻ ധരിച്ച രീതിയിൽ മരവുരി ധരിക്കയും, മുടിയെല്ലാം ജടയാക്കുകയും ചെയ്തുകൊണ്ടാണ് ഭരതൻ കാട്ടിലേക്ക് പുറപ്പെടുന്നത്. കൂടെ, ശത്രുഘ്‌നനും, മാതാക്കളും, മന്ത്രിമാരും, വസിഷ്‌ഠനും, പത്നി അരുന്ധതിയും സേനയും ഉണ്ടായിരുന്നു. വലിയ ഒരു ജനക്കൂട്ടം നടന്ന് വരുന്നത് കണ്ട ഗുഹൻ ഒന്ന് പരിഭ്രമിച്ചു. ഭരതനും കൂട്ടരും വരുന്നതിന്റെ ഉദ്ദേശം നന്നെങ്കിൽ മാത്രം ഗംഗയെ തരണം ചെയ്യാൻ സഹായിച്ചാൽ മതി എന്നാണ് തന്റെ കൂടെയുള്ളവരോട് പറഞ്ഞത്.
"ബാണ ചാപാതി ശസ്ത്രങ്ങളെ കൈകൊണ്ടു
തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് ..."
നിൽക്കാൻ നിർദ്ദേശം നൽകിയിട്ട് ഭരതന്റെ അടുത്തേക്കെത്തി. എന്നാൽ, 'രാമ രാമ' എന്നുരുവിട്ടുണ്ട് കൊണ്ട്, മരവുരിയും ജടയും ധരിച്ച ഭരതനെ കണ്ടപ്പോൾ ഗുഹന് സന്തോഷമായി.
രാമനെ ആശ്ലേഷിച്ച അങ്ങ് പുണ്യാത്മാവ് തന്നെയെന്നും, രാമനും സീതയും രാത്രി കഴിച്ചുകൂട്ടിയ സ്ഥലം കാണിച്ചു തരിക എന്നും ആവശ്യപ്പെട്ടു. ദർഭ പുല്ലു വിരിച്ചു കിടന്നുറങ്ങിയ സ്ഥലം കാണിച്ചപ്പോൾ ഭരതന് വീണ്ടും ദുഃഖം ഉണ്ടായി:
"കിൽബിഷകാരിണിയായ കൈകേയിതൻ
ഗർഭത്തിൽ നിന്നു ജനിച്ചോരു കാരണം
ദുഷ്‌കൃതിയായതി പാപിയാമെന്നേയും ...."
എന്നു പറഞ്ഞു വിലപിക്കാൻ തുടങ്ങി. എന്നിട്ട് എത്രയും പെട്ടെന്ന് എനിക്ക് രാമന്റെ അടുത്തെത്താനുള്ള വഴിയുണ്ടാക്കാമോ എന്നഭ്യർത്ഥിക്കുന്നു.
"അഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ ...
തുഴഞ്ഞസ്തഭീത്യാ കടത്തീടിനാദരാൽ ..."
ശേഷം ചിത്രകൂടാചലം വരെ എത്താനുള്ള വഴിയും ഗുഹൻ കാണിച്ചു കൊടുത്തു.
ഭരദ്വാജ ആശ്രമത്തിലെത്തിയ സംഘത്തെ ആശ്രമവാസികൾ സ്വീകരിക്കുന്നു. ഭരദ്വാജ മുനിയുടെ വാക്കുകൾ:
"ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ
വന്നപടയോടുമില്ലൊരു സംശയം. "
എങ്ങിനെയാണ് 500 തോണികളിൽ ഗംഗാനദി കടന്നെത്തിയ അയോദ്ധ്യാവാസികൾക്ക് വനവാസിയായ ഭരദ്വാജ മഹർഷി ആതിഥ്യമരുളിയത് ? ഭക്ഷിക്കാനും താമസിക്കുവാനും സൗകര്യം നൽകിയത് ? അദ്ദേഹത്തിന്റെ തപശ്ശക്തിയാൽ കാനനം ഒരു ദേവലോകം പോലെ ആയിത്തീർന്നു എന്നാണ് കിളിപ്പാട്ടിൽ.
പിറ്റേന്ന് രാവിലെ തന്നെ ചിത്രകൂടത്തിലേക്ക് ഭരതനും കൂട്ടരും പ്രവേശിക്കുന്നു. ആശ്രമത്തിൽ
"വിദ്യുത്സമാംഗിയാം ജാനകിയായൊരു
വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു...." രാമനെ ദർശിക്കുന്നു.
എല്ലാവരും പരസ്പരം അഭിവാദ്യങ്ങൾ നൽകിയശേഷം രാമൻ അച്ഛനെക്കുറിച്ച് ചോദിക്കുന്നു. ദശരഥന്റെ മരണവൃത്താന്തം അറിഞ്ഞ ശേഷം വസിഷ്‌ഠന്റെ നിർദ്ദേശപ്രകാരം മന്ദാകിനി നദിയിലിറങ്ങി കുളിച്ച് ഉദകക്രിയകളും ചെയ്ത് ഫലമൂലങ്ങളെ കൊണ്ട് പിണ്ഡവും വച്ചു:
"യാതൊരന്നം താൻ ഭുജിക്കുന്നതുമതു
സാദരം നൽക പിതൃക്കൾക്കുമെന്നാല്ലോ"...
അന്ന് എല്ലാവരും ഉപവാസം ചെയ്ത ശേഷം പിറ്റേന്ന് രാവിലെ ഭരതൻ രാമനോട് രാജ്യഭാരം ഏൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം പറയുന്നത്
"പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ
പുത്രങ്കലാക്കി വനത്തിന്നു പോകണം.
ഇപ്പോളനുചിതമത്രേ വനവാസം "... എന്നാണ്.
ആയുസ്സിന്റ പകുതി കഴിഞ്ഞാൽ, വാനപ്രസ്ഥവും സന്യാസവും എന്നാണ് ഭാരതീയ ജീവിത രീതിയിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ അച്ഛന്റെ ആജ്ഞ തെറ്റിക്കാൻ സാധ്യമല്ല എന്ന് ഭരതനെ പറഞ്ഞു മനസ്സിലാക്കുവാൻ രാമൻ ശ്രമിക്കുന്നു. അപ്പോഴും ഭരതന് ദശരഥനോടും കൈകേയിയോടുമുള്ള ദേഷ്യം മാറിയിരുന്നില്ല.
"കാമുകനായ താതൻ മൂഢമാനസൻ
സ്ത്രീജിതൻ ഭ്രാന്തനുന്മത്തൻ വയോധികൻ"
ഒരു രാജാവിനെ പോലെ കർത്തവ്യം നിറവേറ്റേണ്ടതിന് പകരം, കൈകേയിയുടെ കാമുകൻ ആയി, വെറും സ്ത്രീലമ്പടനെ പോലെയും, ഭ്രാന്തനെ പോലെയും, വയസ്സായാലുണ്ടാകുന്ന മറവി രോഗം ബാധിച്ചവനെ പോലെയും ആണ് പെരുമാറിയതെന്നും, അതിനാൽ ആ സമയം നൽകിയ ആജ്ഞ പാലിക്കേണ്ടതില്ലെന്നും പറയുന്നു. എന്നാലങ്ങിനെയല്ല
"താതനസത്യ ഭയം കൊണ്ടു ചെയ്തതി -
നേതുമേ ദോഷം പറയരുതോർക്ക നീ"
സത്യം ചെയ്തത് ലംഘിക്കാൻ സാധിക്കാത്തതിനാൽ ആണ് അച്ഛനങ്ങിനെ ചെയ്തതെന്നും അത് മാറ്റരുതെന്നും പറയുന്ന രാമനോട്, എന്നാൽ, ഞാൻ കാട്ടിൽ കഴിയാം എന്നായി ഭരതൻ. അതും സാധ്യമല്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ ഞാനും ലക്ഷ്മണനെ പോലെ, കൂടെ വരാം എന്നായി. അപ്പോൾ രാമൻ കണ്ണുകൊണ്ട് വസിഷ്‌ഠനോട് സഹായം അഭ്യർത്ഥിക്കുന്നു. വസിഷ്‌ഠൻ രാമതത്വം ഉപദേശിക്കുകയും ഭരതനെ തന്റെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
"പാദുകാം ദേഹി .." എന്നഭ്യർത്ഥിക്കുന്ന ഭരതന് തന്റെ മെതിയടിയും നൽകി യാത്രയാക്കി.
തിരികെ അയോദ്ധ്യയിലെത്തിയ ഭരതൻ, ആ മെതിയടികൾ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്തുകൊണ്ട് രാജഭരണം നടത്തി. എന്നാൽ, കൊട്ടാരത്തിൽ താമസിക്കുന്നതിന് പകരം, അടുത്തുള്ള നന്ദിഗ്രാമത്തിലാണ് ഒരു കുടിലും കെട്ടി താമസിച്ചത്.
അങ്ങിനെ അയോദ്ധ്യാ കാണ്ഡം അവസാനിച്ചു.

Comments
Post a Comment